ഇറാനിയന്‍ വ്യോമപാതയിലൂടെ പറക്കല്‍ വേണ്ട; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു.

യു.എസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതില്‍തന്നെ എയര്‍ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി.

ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. കാസ്സെം സൊലേമാനി അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വിമാനത്താവളത്തിലേക്ക് കാറില്‍ പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു.ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദ് വിമാനത്താവളത്തിന് സമീപം അമേരിക്ക റോക്കറ്റ് ആക്രമണം നടത്തിയത്.

Top