മാലിദ്വീപിന് 500 ദശലക്ഷം ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: മാലിദ്വീപിന് ധനസഹായ പ്രഖ്യാപനവുമായി ഇന്ത്യ രംഗത്ത്. മാലിദ്വീപ് തലസ്ഥാനമായ മാലിയുമായി അടുത്ത് കിടക്കുന്ന മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതടക്കമുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്കായി 500 ദശലക്ഷം ഡോളര്‍ സഹായമാണ് ഇന്ത്യ പ്രഖ്യാപിച്ചത്. മാലിയുടെ ഏറ്റവും വലിയ അടിസ്ഥാന വികസ പദ്ധതിയായാണ് ഗ്രേറ്റര്‍ മാലി കണക്ടിവിറ്റി പ്രോജക്ട്. മേഖലയിലെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രഖ്യാപനം.

ദ്വീപ് വിദേശ കാര്യ മന്ത്രി അബ്ദുള്ള ഷാഹിദിനോട് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കറാണ് സഹായ ധന പ്രഖ്യാപനത്തിന്റെ കാര്യം അറിയിച്ചത്. മാലി കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായി 100 ദശലക്ഷം ഡോളര്‍ ഗ്രാന്റായും 400 ദശലക്ഷം വായ്പയായിട്ടുമാണ് കൈമാറുക.

വില്ലിംഗിലി, ഗുല്‍ഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളെയാണ് മാലിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപ് രാഷ്ട്രത്തെ ഇന്ത്യയുമായി കൂടുതല്‍ ചേര്‍ത്ത് നിര്‍ത്താനാണ് ഇപ്പോഴുള്ള സഹായ പ്രഖ്യാപനങ്ങള്‍ കൊണ്ട് ഇന്ത്യ ഉദ്ദേശിക്കുന്നത്.

Top