അവസാന ദിവസം മഴ : വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് പരമ്പര

ട്രിനിഡാഡ്: ഇന്ത്യ – വിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. മഴമൂലം അവസാന ദിവസം ഒറ്റപ്പന്തുപോലും എറിയാന്‍ കഴിഞ്ഞില്ല. ഇതോടെ പരമ്പര തൂത്തുവാരമെന്ന ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ഇന്ത്യക്ക് ജയം എട്ട് വിക്കറ്റ് അകലെ ആയിരുന്നു. രണ്ട് വിക്കറ്റിന് 76 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ് നാലാം ദിനം കളി അവസാനിപ്പിച്ചത്. 365 റണ്‍സായിരുന്നു വിന്‍ഡീസിന്റെ വിജയലക്ഷ്യം. രണ്ടാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി.

രണ്ടാം ടെസ്റ്റിന്റെ അവസാന ദിനമായ ഇന്ന് ജയിക്കാന്‍ 8 വിക്കറ്റാണ് രോഹിത് ശര്‍മ്മയും സംഘവും വീഴ്ത്തേണ്ടത്. അതേസമയം എട്ട് വിക്കറ്റ് കയ്യിലിരിക്കേ അവസാന ദിനം 289 റണ്‍സ് എന്ന വന്‍ ലക്ഷ്യമാണ് വിന്‍ഡീസിന് വേണ്ടിയിരുന്നത്. രണ്ടാം ഇന്നിംഗ്സില്‍ 365 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസ് രണ്ട് വിക്കറ്റിന് 76 റണ്‍സെന്ന നിലയിലാണ് നാലാം ദിനം കളിയവസാനിപ്പിച്ചത്.

ടാഗ്നരെയ്ന്‍ ചന്ദര്‍പോള്‍ (24*), ജെര്‍മെയ്ന്‍ ബ്ലാക്ക്വുഡ്(20*) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ ക്രൈഗ് ബ്രാത്വെയ്റ്റ് (52 പന്തില്‍ 28), കിര്‍ക് മക്കെന്‍സീ (4 പന്തില്‍ 0) എന്നിവരാണ് പുറത്തായ വിന്‍ഡീസ് ബാറ്റര്‍മാര്‍. രണ്ട് വിക്കറ്റും പിഴുതത് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു.

നേരത്തെ, ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ വിരാട് കോലി(121), രോഹിത് ശര്‍മ്മ(80), രവീന്ദ്ര ജഡേജ(61), യശസ്വി ജയ്സ്വാള്‍(57), ആര്‍ അശ്വിന്‍(56) എന്നിവരുടെ കരുത്തില്‍ 438 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റ് നേടിയ പേസര്‍ മുഹമ്മദ് സിറാജ് 255 റണ്‍സില്‍ ഒതുക്കി. ഇതോടെ 189 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം ബാറ്റ് വീശി 24 ഓവറില്‍ രണ്ട് വിക്കറ്റിന് 181 റണ്‍സ് അക്കൗണ്ടിലാക്കി 365 റണ്‍സെന്ന വിജയലക്ഷ്യം കരീബിയന്‍ ടീമിന് മുന്നിലേക്ക് വച്ചുനീട്ടുകയായിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും(44 പന്തില്‍ 57) വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റേയും (34 പന്തില്‍ 52*) അതിവേഗ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യന്‍ ഇന്നിംഗ്സിന്റെ ഹൈലറ്റ്. യശ്വസി ജയ്‌സ്വാള്‍ 38 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 29* റണ്‍സുമായി പുറത്താകാതെ നിന്നു.

Top