ഡിജിറ്റല്‍ വികസനത്തില്‍ സഹകരണം: സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും

അബുദബി: ഡിജിറ്റല്‍ രംഗത്ത് സഹകരണം അടക്കം സുപ്രധാന കരാറുകളില്‍ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനങ്ങള്‍ ഉണ്ടായത്. ഇത് സംബന്ധിച്ച് ഇന്ത്യയും യുഎഇയും സംയുക്ത പ്രസ്താവനയിറക്കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറില്‍ സന്ദര്‍ശനം തുടരുകയാണ്.

യുഎഇയിലെ നിക്ഷേപ മന്ത്രാലയം ഇന്ത്യയുടെ ഐടി മന്ത്രാലയവുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇന്ത്യയില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ ക്ലസ്റ്റര്‍, ഡാറ്റ സെന്റര്‍ എന്നിവ സ്ഥാപിക്കാന്‍ തീരുമാനമുണ്ട്. ഡിജിറ്റല്‍ വികസന രംഗത്തു നിക്ഷേപം നടത്തും. ഇന്ത്യയിലെയും യുഎഇയിലെയും സ്ഥാപനങ്ങള്‍ തമ്മില്‍ ഇതിനായി സഹകരിക്കും. ഗുജറാത്തില്‍ നാഷണല്‍ മാരി ടൈം ഹെറിറ്റേജ് കോംപ്ലക്‌സുമായി യുഎഇ സഹകരിക്കും.

ഇന്ത്യ -മിഡില്‍ ഈസ്റ്റ് – യൂറോപ്പ് വ്യാപാര ഇടനാഴിക്കായി ഇരു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കാനും തീരുമാനമായിട്ടുണ്ട്. യുഎഇ – ഇന്ത്യ കള്‍ച്ചറല്‍ കൗണ്‍സില്‍ രൂപീകരണം വേഗത്തിലാക്കും, അബുദബിയിലെ ഡല്‍ഹി ഐഐടിയില്‍ ഊര്‍ജ്ജ മേഖലയില്‍ പുതിയ കോഴ്‌സ് തുടങ്ങും. യുഎഇയും ഇന്ത്യയും തമ്മില്‍ വൈദ്യുതി കൈമാറ്റം, വ്യാപാരം എന്നിവയ്ക്കും ധാരാണാപാത്രം ഒപ്പുവച്ചു.

യുഎഇയുടെ അഡ്‌നോകും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഗെയിലും തമ്മില്‍ ഒപ്പിട്ട ദീര്‍ഘകാല എല്‍എന്‍ജി കരാര്‍ വന്‍ നേട്ടമാകും. ജബല്‍ അലി മേഖലയില്‍ ഭാരത് മാര്‍ട്ട് തുറക്കാന്‍ തീരുമാനമുണ്ട്. രണ്ടു രാജ്യങ്ങളും പരസ്പരം നിക്ഷേപം വര്‍ധിപ്പിക്കും. 2017ല്‍ ഒപ്പിട്ട സമഗ്ര സഹകരണ കരാര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ വിലയിരുത്തി.

Top