ന്യൂഡൽഹി : രാജ്യത്തെ ആണവകേന്ദ്രങ്ങളുടെയും റിയാക്ടറുകളുടെയും വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം കൈമാറിയതായി വിദേശകാര്യമന്ത്രാലയം. ഓരോവർഷവും വിവരങ്ങൾ കൈമാറണമെന്ന കാരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യയിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനിലുള്ള ആണവ റിയാക്ടറുകളുടെ വിവരങ്ങൾ പാക്കിസ്ഥാനും പരസ്പരം കൈമാറണമെന്നാണ് കരാർ.
രാജ്യത്ത് എവിടെയെല്ലാമാണ് ആണവ റിയാക്ടറുകളുള്ളതെന്ന വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും എല്ലാവർഷവും പുതുവർഷത്തിൽ പരസ്പരം കൈമാറാറുണ്ട്. 1988 ഡിസംബർ 31നാണ് ആണവവിവരങ്ങൾ കൈമാറുന്നതു സംബന്ധിച്ച കരാർ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും കരാറിൽ ഒപ്പുവച്ചെങ്കിലും 1991 ജനുവരി 27നാണ് നടപ്പാക്കാൻ തീരുമാനിച്ചത്. തുടര്‍ന്ന് 1992ൽ ആദ്യമായി വിവരങ്ങൾ കൈമാറി. 33–ാം തവണയാണ് രാജ്യത്തെ ആണവറിയാക്ടറുകളുടെ വിവരങ്ങൾ ഇന്ത്യയും പാക്കിസ്ഥാനും കൈമാറുന്നത്.എന്നാല്‍ ആണവായുധങ്ങള്‍ ഉൾപ്പെടെയുള്ള മറ്റുവിവരങ്ങൾ കൈമാറാറില്ല.
1974ലാണ് ആദ്യമായി ആണവപരീക്ഷണം നടത്തി ഇന്ത്യ ആണവശക്തിയായി മാറുന്നത്. തൊട്ടുപിന്നാലെ പാക്കിസ്ഥാനും ആണവപരീക്ഷണം നടത്തി. പാക്കിസ്ഥാന്റെ കൈവശം ആണവായുധം ഉണ്ടെന്നാണ് ലോകം സംശയിക്കുന്നത്. രണ്ടുരാജ്യങ്ങളിലും കരാർ നിലവിൽ വന്നതിനു ശേഷവും പരീക്ഷണങ്ങൾ നടന്നിരുന്നു.











