കശ്മീര്‍; ഇന്ത്യ പുനര്‍വിചിന്തനം നടത്തിയാല്‍ അനുരഞ്ജനത്തിന് സമ്മതമെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ പുനരാലോചന നടത്തിയാല്‍ അനുരഞ്ജനത്തിനു തയ്യാറാണെന്ന് പാക്കിസ്ഥാന്‍. കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ നയതന്ത്രബന്ധം മരവിപ്പിച്ചതുള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി.

ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നു ഷാ മുഹമ്മദ് ഖുറേഷി കുറ്റപ്പെടുത്തി.

എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങള്‍ തമ്മിലുള്ളബന്ധം തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖുറേഷി പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചകളില്‍നിന്ന് ഒരുഘട്ടത്തിലും ഒളിച്ചോടില്ല. ചര്‍ച്ചയ്ക്ക് അരങ്ങൊരുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത തുടരുമെന്നും മന്ത്രി ഖുറേഷി വ്യക്തമാക്കി.

Top