ഇന്ത്യയും ഒമാനും ഖനന മേഖലയില്‍ സഹകരണ കരാര്‍ ഒപ്പുവെച്ചു

മസ്‌കറ്റ്: ഖനന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ഒമാനും ഇന്ത്യയും തമ്മില്‍ കരാറില്‍ ഒപ്പുവെച്ചു. ഒമാന്‍ ഊര്‍ജ്ജ – ധാതു മന്ത്രാലയവും ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡും ഖനന മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടതായി ഒമാന്‍ ഊര്‍ജ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ധാതു പര്യവേക്ഷണത്തിലും നൂതനമായ സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കുന്നതിലും ഖനന വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിലുമുള്ള സഹകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ കരാറിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒമാന്‍ ഊര്‍ജ മന്ത്രാലയ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി മുനു മഹാവര്‍, മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സാലിം അല്‍ ഓഫീ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. ഘനധാതുക്കളും അപൂര്‍വ മൃത്തുക്കളും (Rare earths) ഖനനം ചെയ്ത്, സംസ്‌കരിച്ച് ഉപയുക്തമാക്കി വിപണനം നടത്തുന്ന ഒരു പൊതുമേഖലാസ്ഥാപനമാണ് ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്.

 

Top