ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം; ഇരുകൂട്ടരുമായി സംസാരിച്ച് വരുന്നു: ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് തങ്ങള്‍ ഇരുകൂട്ടരുമായി സംസാരിച്ചുവരികയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

‘ഇത് വളരെ കഠിനമായ സാഹചര്യമാണ്. ഞങ്ങള്‍ ഇന്ത്യയുമായി സംസാരിക്കുന്നു, ഞങ്ങള്‍ ചൈനയുമായി സംസാരിക്കുന്നു. അവര്‍ക്ക് അവിടെ വലിയ പ്രശ്‌നമുണ്ട്’, ട്രംപ് പറഞ്ഞു. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ അടിപിടിയിലേക്ക് എത്തിയിരിക്കുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഞങ്ങള്‍ അവരെ സഹായിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നത്തില്‍ മധ്യസ്ഥതവഹിക്കാമെന്ന് കഴിഞ്ഞ മാസവും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും അത് നിരസിക്കുകയായിരുന്നു.

ഇതിനിടെ ലഡാക്ക് സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യത്തെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ രംഗത്തെത്തി. ‘പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ഇന്ത്യയുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിച്ചതെന്നും ദക്ഷിണ ചൈനാ കടലിനെ സൈനികവല്‍കരിക്കുകയും അവിടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയമവിരുദ്ധമായി അവകാശപ്പെടുകയും ചെയ്യുന്നുവെന്നും സുപ്രധാന കടല്‍ പാതകളെ ഭീഷണിപ്പെടുത്തുന്നുവെന്നും പോംപിയോ പറഞ്ഞു.

Top