സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാം; കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും ഓസ്ട്രേലിയയും

ന്യൂഡല്‍ഹി: സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യയും ഓസ്ട്രേലിയയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെയാണ് കരാര്‍ ഒപ്പുവെച്ചത്.ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കെയാണ് ഈ കരാറെന്നതും ശ്രദ്ധേയമാണ്.

കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും സേനകള്‍ക്ക് രണ്ട് രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി സാധിക്കും.

മേഖലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് ഈ നീക്കം.

ജനുവരിയില്‍ നിശ്ചയിച്ചിരുന്ന മോറിസന്റെ ഇന്ത്യന്‍ സന്ദര്‍ശനം കാട്ടുതീ പ്രതിസന്ധി മൂലം റദ്ദാക്കിയിരുന്നു. പിന്നീട് കോവിഡ് ഭീഷണി മൂലം യാത്രകള്‍ നിരോധിച്ചതിനാലാണ് ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയത്.ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി മോദി ഉഭയകക്ഷി ചര്‍ച്ച വിര്‍ച്വലായി നടത്തിയത്.

ഇന്ത്യ- ഓസ്ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്നാണ് മോദി ഈ ചര്‍ച്ചയെ വിശേഷിപ്പിച്ചത്.മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങള്‍ സംസാരിച്ചെന്നും മോദി പിന്നീട് പറഞ്ഞു.

Top