ബഹിരാകാശ രംഗത്ത് ഇന്ത്യയുമായി നല്ല ബന്ധം; നാസയുടെ വിമര്‍ശനം തള്ളി അമേരിക്ക

വാഷിംഗ്ടണ്‍:അമേരിക്കന്‍ ബഹിരാകാശ സംഘടനയായ നാസ ഇന്ത്യയുടെ മിഷന്‍ ശക്തിയെ കുറിച്ച് നടത്തിയ വിമര്‍ശനത്തെ തള്ളി അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് റോബര്‍ട്ട് പല്ലാഡീനോ ആണ് ഇക്കാര്യത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

‘ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയും അമേരിക്കയും നല്ല സഹകരണത്തിലാണ് പോകുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ വിവരസാങ്കേതിക രംഗത്തും കമ്യൂണിക്കേഷന്‍ രംഗത്തും വലിയ സംഭാവനകളാണ് ലോകത്തിനു നല്‍കിയിരിക്കുന്നത്.പ്രതിരോധ രംഗത്തും ഇത്തരം പരീക്ഷണങ്ങള്‍ അതതു രാജ്യങ്ങള്‍ നടത്താറുണ്ട്. അത്തരത്തിലുള്ള ഒരു പരീക്ഷണമാണ് ഇന്ത്യ നടത്തിയത്. അതിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് അന്നു തന്നെ അമേരിക്ക നിലപാട് വ്യക്തമാക്കിയിരുന്നു’പല്ലാഡീനോ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് നാസ തലവന്‍ ജിം ബ്രൈഡന്‍സ്‌റ്റൈന്‍ മിഷന്‍ ശക്തിയെ വിമര്‍ശിച്ചത്. മിഷന്‍ ശക്തി എന്നു പേരിട്ട മിസൈല്‍ പരീക്ഷണത്തിന്റെ ഭാഗമായി ഇന്ത്യയുടെ തന്നെ കൃത്രിമോപഗ്രഹം മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതു ഭയാനകമായ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യ തകര്‍ത്ത ഉപഗ്രഹം 400 കഷ്ണങ്ങളായി ചിതറിത്തെറിച്ചുവെന്നും ഈ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനും ബഹിരാകാശ യാത്രികര്‍ക്കും അപകടകരമായ സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top