ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് അമേരിക്ക

വാഷിങ്ടണ്‍: ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിനെ സ്വാഗതം ചെയ്ത് അമേരിക്ക. ഇന്‍ഡോ-പസഫിക് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളില്‍ ഒന്നാണ് ഇന്ത്യയെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതിരോധം, ഇന്‍ഡോ-പസഫിക് മേഖലയിലെ പ്രാദേശിക സഹകരണം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം, പരിസ്ഥിതി, വിദ്യാഭ്യാസം, സാങ്കേതിക മേഖല, കാര്‍ഷികം തുടങ്ങിയ നയതന്ത്ര സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയും യു.എസും സഹകരിക്കുന്നതായും പ്രൈസ് കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതിയിലെ താത്കാലിക അംഗം എന്ന നിലയിലെ ഇന്ത്യയുടെ കാലയളവിനെയും പ്രൈസ് അഭിനന്ദിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുകയാണെന്നും 2019-ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 146 ബില്യന്‍ യു.എസ്. ഡോളറായി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യ-ചൈന സര്‍ക്കാരുകള്‍ തമ്മില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് അറിയാം. അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ചര്‍ച്ചകളെയും സമാധാനപൂര്‍ണമായ തീരുമാനങ്ങളെയും അമേരിക്ക പിന്തുണയ്ക്കുന്നത് തുടരുമെന്നും നെഡ് പ്രസ് കൂട്ടിച്ചേര്‍ത്തു.

 

Top