സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യ

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ ഏകദിനപരമ്പരയിലെ അവസാനമൽസരത്തിലും ഇന്ത്യയ്ക്ക് ജയം. ഇന്ത്യ മുന്നോട്ടുവെച്ച 290 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ പൊരുതിയാണ് തോറ്റത്. സെഞ്ച്വറിയടിച്ച സിക്കന്ദർ റാസയുടെ നേതൃത്വത്തിൽ അവസാന നിമിഷം വരെ ജയിക്കുമെന്ന തോന്നൽ സൃഷ്ടിച്ചാണ് സിംബാബ്‌വെയുടെ മടക്കം. 49.3 ഓവറിൽ ജയത്തിന് 14 റൺസ് അകലെ വച്ച് സിംബാബ്‌വെയുടെ ബാറ്റർമാർ കൂടാരം കയറി. 95 പന്തിൽ 115 റൺസ് നേടിയ സിക്കന്ദർ റാസയാണ് സിംബാബ് വെയുടെ ടോപ് സ്‌കോറർ.

യുവതാരം ശുഭ്മാൻ ഗില്ലിന്റെ ഏകദിനത്തിലെ കന്നി സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തത്. ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി.

വൺ ഡൗണായി ക്രീസിലെത്തിയ ഗിൽ 82 പന്തിൽനിന്നാണ് കരിയറിലെ ആദ്യ സെഞ്ച്വറി നേടിയത്. 15 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്. 97 പന്തിൽ 130 റൺസെടുത്ത ഗിൽ ഇന്ത്യൻ ഇന്നിംഗ്‌സിലെ അവസാന ഓവറിലാണ് പുറത്തായത്.

വ്യക്തിഗത സ്‌കോർ 128 റൺസ് പിന്നിട്ടതോടെ ഏകദിനങ്ങളിൽ സിംബാബ്വെയിൽ ഒരു ഇന്ത്യൻ ബാറ്ററുടെ ഏറ്റവും ഉയർന്ന സ്‌കോറെന്ന നേട്ടവും ഗിൽ സ്വന്തം പേരിലാക്കി. സിംബാബ്വെയിലെ ഏകദിന റൺവേട്ടയിൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡാണ് പഴങ്കഥയായത്. 1998ൽ ബുലവായോയിൽ സച്ചിൻ നേടിയ 127 റൺസാണ് ഗിൽ മറികടന്നത്.

61 പന്തുകൾ നേരിട്ട ഇഷാൻ 50 റൺസെടുത്ത് റണ്ണൗട്ടായി. ധവാൻ 68 പന്തിൽ 40 റൺസെടുത്തപ്പോൾ നായകൻ രാഹുൽ 46 പന്തിൽ 30 റൺസെടുത്തു. മലയാളി താരം സഞ്ജു സാംസൺ 12 പന്തിൽ 15 റൺസെടുത്തു പുറത്തായി. ഷാർദൂൽ ഠാക്കൂർ (ഒൻപത്) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്‌കോറുകൾ. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി.

Top