ഒന്നര വര്‍ഷത്തിനു ശേഷം ടൂറിസ്റ്റ് വിസ അനുവദിച്ച് ഇന്ത്യ, വിദേശ ടൂറിസ്റ്റുകള്‍ക്ക് സ്വാഗതം

ന്യൂഡല്‍ഹി: ഒന്നര വര്‍ഷത്തിനു ശേഷം വിദേശ വിനോദസഞ്ചാരികള്‍ക്കായി ഇന്ത്യ വാതില്‍ തുറക്കുന്നു. ഈ മാസം 15 മുതല്‍ കാര്‍ഡ് വിമാനങ്ങളില്‍ വരുന്ന വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കും. നവംബര്‍ 15 മുതല്‍ എല്ലാവര്‍ക്കും ടൂറിസ്റ്റ് വിസ അനുവദിക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തി വച്ച ടൂറിസ്റ്റ് വിസ രണ്ട് ഘട്ടമായാകും പൂര്‍ണ്ണമായും പുനരാരംഭിക്കുക. ഈ മാസം 15 മുതല്‍, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന, വിദേശ വിനോദ സഞ്ചാരികള്‍ക്ക് വിസ അനുവദിക്കും. നവംബര്‍ 15 മുതല്‍ സാധാരണ വിമാനങ്ങളില്‍ വരുന്നവര്‍ക്കും വിദേശ ടൂറിസ്റ്റ് വിസ അനുവദിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ടൂറിസ്റ്റുകളും, വിമാന കമ്പനികളും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ടൂറിസം മന്ത്രാലയം എന്നിവയുമായും സംസ്ഥാന സര്‍ക്കാരുകളുമായും ആലോചിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ തീരുമാനമെടുത്തത്. ടൂറിസ്റ്റ് വിസ പുണരാരംഭിക്കാന്‍ പല സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക മേഖലക്ക് ഏറെ ഊര്‍ജം നല്‍കുന്നതാണ് ഈ തീരുമാനം.

Top