‘ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം’; തിരഞ്ഞെടുപ്പു കമ്മിഷന് നിവേദനം സമർപ്പിക്കാൻ ഇന്ത്യ മുന്നണി

ന്യൂഡൽഹി : ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ രൂപകൽപനയും പ്രവർത്തനവും ചോദ്യം ചെയ്ത് തിരഞ്ഞെടുപ്പു കമ്മിഷനു സമർപ്പിക്കുന്നതിനുള്ള നിവേദനത്തിൽ ഇന്ത്യ മുന്നണിക്ക് സമവായം. ചൊവ്വാഴ്ച നടന്ന യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയത്തിന് അംഗീകാരം നൽകി. നിവേദനം ഉടനെ തിരഞ്ഞെടുപ്പു കമ്മിഷന് സമർപ്പിക്കും.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പ്രവർത്തനത്തിൽ നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. വിദഗ്ധരും പ്രഫണലുകളും ഇക്കാര്യം നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാണെന്നും നിവേദനത്തിൽ പറയുന്നു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ലഭിക്കുന്ന വിവിപാറ്റ് സ്ലിപ് പെട്ടിയില്‍തന്നെ വീഴുന്നതിന് പകരം, അത് സമ്മതിദായകനു കൈമാറിയ ശേഷം പ്രത്യേകം സ്ഥാപിച്ച ബാലറ്റുപെട്ടിയിലേക്ക് പ്രസ്തുത വ്യക്തി തന്നെ നിക്ഷേപിക്കുന്ന തരത്തില്‍ മാറ്റം കൊണ്ടുവരണമെന്നും മുന്നണി ആവശ്യപ്പെട്ടു.

വോട്ടു രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിക്ക് തന്നെയാണ് ലഭിച്ചതെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ഇതു സഹായിക്കും. ഇത്തരത്തില്‍ സമ്മതിദായകര്‍ പെട്ടിയില്‍ നിക്ഷേപിച്ച സ്ലിപ്പുകള്‍ പൂര്‍ണമായും എണ്ണണമെന്നും ഇന്ത്യ മുന്നണി നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

Top