ജാതി രാഷ്ട്രീയ നീക്കങ്ങൾക്ക് വേഗം കൂട്ടി ‘ഇന്ത്യ’ മുന്നണി

ന്യൂഡൽഹി : ഭരണ – പ്രതിപക്ഷ കക്ഷികൾ തമ്മിലുള്ള മുഖ്യ പോരാട്ടവിഷയമായി ജാതി രാഷ്ട്രീയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മാറുന്നു. ഉത്തരേന്ത്യ എൺപതുകളിലും തൊണ്ണൂറുകളിലും സാക്ഷിയായ ജാതികേന്ദ്രീകൃത രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുപോക്കിനാണു കളമൊരുങ്ങുന്നത്. യുപി, ബിഹാർ അടക്കം ദേശീയ രാഷ്ട്രീയത്തിന്റെ ഗതി നിശ്ചയിക്കാൻ കെൽപുള്ള സംസ്ഥാനങ്ങളിലെ ഒബിസി (ഇതര പിന്നാക്ക വിഭാഗം) വോട്ടർമാരെ ഒപ്പം നിർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കു പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയും കോൺഗ്രസും വേഗംകൂട്ടി. ജാതി സെൻസസ്, ഒബിസികളുടെ സംവരണപരിധി ഉയർത്തൽ എന്നിവയ്ക്കു പുറമേ, വനിതാ സംവരണത്തിൽ ഒബിസികൾക്കു പ്രത്യേക സംവരണം വേണമെന്ന ആവശ്യവും ഉന്നയിച്ച പ്രതിപക്ഷം ബിജെപിയെ വീഴ്ത്താനുള്ള ഏറ്റവും ഫലപ്രദമായ മാർഗമായാണു ജാതി രാഷ്ട്രീയത്തെ കാണുന്നത്. അതേസമയം, ജാതി രാഷ്ട്രീയം ബംഗാളിലെ മുന്നാക്ക ഹിന്ദുവോട്ടുകൾ എതിരാക്കുമെന്നു കണക്കുകൂട്ടുന്ന തൃണമൂൽ അതിൽ തൊടുന്നില്ല.

ഒബിസികളെ കാര്യമായി ഗൗനിക്കാതെ പതിറ്റാണ്ടുകളോളം പയറ്റിയ രാഷ്ട്രീയത്തിൽ നിന്നു കോൺഗ്രസ് വ്യതിചലിക്കുന്നുവെന്നതാണു പ്രതിപക്ഷ നിരയിലുണ്ടായ ഏറ്റവും വലിയ മാറ്റം. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് പ്രകാരം രാജ്യത്ത് 54 ശതമാനത്തോളമുള്ള ഒബിസികളെ ചേർത്തു നിർത്താതെ ദേശീയ രാഷ്ട്രീയത്തിൽ ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്നു വിലയിരുത്തിയാണു കോൺഗ്രസ് മാറിച്ചിന്തിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായയിൽ മാത്രം വിശ്വാസമർപ്പിച്ചു പോരാടിയ കോൺഗ്രസ് ഇക്കുറി ജാതിരാഷ്ട്രീയത്തെയാണു മുന്നിൽ നിർത്തുന്നത്. അതിനായി വാദിക്കുന്ന പ്രതിപക്ഷ നേതാക്കളുടെ നിരയിലാണു രാഹുലിന്റെ സ്ഥാനം.

കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും ഉത്തരേന്ത്യയിൽ ബിജെപി വിജയകരമായി നടപ്പാക്കിയ വിശാല ഹിന്ദു വോട്ട് ബാങ്ക് ഫോർമുല തകർക്കാനുള്ള കരുത്ത് ജാതിരാഷ്ട്രീയത്തിനുണ്ടെന്നു പ്രതിപക്ഷം കണക്കുകൂട്ടുന്നു.ഹിന്ദുത്വ രാഷ്ട്രീയം എന്ന കുടയ്ക്കു കീഴിൽ ഒബിസികളെയടക്കം അണിനിരത്തി മതാടിസ്ഥാനത്തിൽ ബിജെപി നടത്തുന്ന ധ്രുവീകരണത്തെ തടയുകയാണു ലക്ഷ്യമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

Top