ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യ 109ന് ഓള്‍ ഔട്ട്; ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 109 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെന്ന ശക്തമായ നിലയിലാണ്. ആറ് റണ്‍സോടെ കാമറൂണ്‍ ഗ്രീനും ഏഴ് റണ്‍സുമായി പീറ്റര്‍ ഹാന്‍ഡ്സോകംബും ക്രീസില്‍. അര്‍ധസെഞ്ചുറിയുമായി ഓസ്ട്രേലിയന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കിയ ഉസ്മാന്‍ ഖവാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്ട്രേലിയക്ക് 47 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. രവീന്ദ്ര ജഡേക്കാണ് ഓസീസ് നിരയില്‍ വീണ നാലു വിക്കറ്റും. സ്കോര്‍ ഇന്ത്യ 109ന് ഓള്‍ ഔട്ട്, ഓസ്ട്രേലിയ 156-4.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ അഞ്ച് വിക്കറ്റ് നേടിയ ഇടം കൈയന്‍ സ്പിന്നര്‍ മാത്യൂ കുനെമാനാണ് തകര്‍ത്തത്. നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റെടുത്തു. 22 റണ്‍സ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.കോലിക്ക് പുറമെ ശുഭ്മാന്‍ ഗില്‍ (21), രോഹിത് ശര്‍മ (12), ശ്രീകര്‍ ഭരത് (17) അക്‌സര്‍ പട്ടേല്‍ (പുറത്താവാതെ 12), ഉമേഷ് യാദവ് (17) എന്നിവര്ക്ക് മാത്രമാണ് രണ്ടക്കമെങ്കിലും കാണാനായത്. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 84 എന്ന പരിതാപകരമായ നിലയിലായിരുന്നു ഇന്ത്യ. രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമാകുന്നത്. കുനെമാന്റെ പന്തില്‍ രോഹിത്തിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരി സ്റ്റംപ് ചെയ്ത് പുറത്താക്കി. ആറാം ഓവറില്‍ തന്നെ രോഹിത് മടങ്ങി. പിന്നാലെ ഗില്ലും (21) പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുലിന് പകരമെത്തിയ ഗില്ലിനെ കുനെമാന്‍ സ്ലിപ്പില്‍ സ്റ്റീവന്‍ സ്മിത്തിന്റെ കൈകളിലെത്തിച്ചു.

ചേതേശ്വര്‍ പൂജാരയാവട്ടെ (1) ലിയോണിന്റെ പന്തില്‍ ബൗള്‍ഡായി. അഞ്ചാമനായി ക്രീസിലെത്തിയ രവീന്ദ്ര ജഡേജയ്ക്ക് (4) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ കുനെമാന് ക്യാച്ച്. അടുത്ത ഓവറില്‍ പന്തെറിയാനെത്തിയ കുനെമാന്‍ ശ്രേയസ് അയ്യരെ (0) ബൗള്‍ഡുമാക്കിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു. വിരാട് കോലി (22) കുറച്ചുനേരം പിടിച്ചുനിന്നു. തകര്‍ച്ചയില്‍ രക്ഷകനാകുമെന്ന് തോന്നിച്ചെങ്കിലും ടോഡ് മര്‍ഫി അക്കാര്യത്തില്‍ തീരുമാനമാക്കി. മര്‍ഫിയുടെ പന്തില്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. കെ എസ് ഭരത് (17) ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആര്‍ അശ്വിന്‍ (3), ഉമേഷ് എന്നിവരെ കൂടി പുറത്താക്കി കുനെമാന്‍ അഞ്ച് വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. മുഹമ്മദ് സിറാജ് (0) റണ്ണൗട്ടായി.

ഇന്ത്യയെ 109 റണ്‍സിന് പുറത്താക്കിയതിന്റെ ആവേശത്തില്‍ ബാറ്റിംഗിനിറങ്ങിയ ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ ട്രാവിസ് ഹെഡിന്റെ (9) വിക്കറ്റ് നഷ്ടമായെങ്കിലും ഉസ്മാന്‍ ഖവാജയും ലാബുഷെയ്നും പൊരുതി നിന്നതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. ഇതിനിടെ ലാബുഷെയ്ന്‍ നോ ബോളില്‍ പുറത്തായതും ഇന്ത്യ രണ്ട് റിവ്യൂകള്‍ നഷ്ടമാക്കുകയും ചെയ്തു. രണ്ടാം വിക്കറ്റില്‍ ലാബുഷെയ്ന്‍ – ഖവാജ സഖ്യം 96 റണ്‍സടിച്ച് ഓസീസിനെ ഇന്ത്യന്‍ സ്കോറിന് ഒപ്പമെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. ഓസീസ് സ്പിന്നര്‍മാര്‍ താണ്ഡവമാടിയ പിച്ചില്‍ അശ്വിനും അക്സറുമെല്ലാം വിക്കറ്റെടുക്കാനാകാതെ കുഴങ്ങി.

ഓസീസ് സ്കോര്‍ 100 കടന്നതിന് പിന്നാലെ ലബുഷെയ്നെ മടക്കി ജഡേജയാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 31 റണ്‍സെടുത്ത ലാബുഷെയ്ന്‍ മടങ്ങിയതിന് പിന്നാലെ ജഡേജക്കെതിരെ സ്വീപ് ഷോട്ട് കളിച്ച ഖവാജയും(60) വീണു. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിട്ട ഖവാജയാണ് ഓസീസിന്റെ ബാറ്റിംഗ് നട്ടെല്ലായത്. ഖവാജ മടങ്ങിയതിന് പിന്നാലെ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച സ്മിത്ത് പിന്നാലെ ജഡേജയുടെ പന്തില്‍ കെ എസ് ഭരത്തിന് ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സായിരുന്നു സ്മിത്തിന്റെ സംഭാവന. എന്നാല്‍ പിന്നീട് കാമറൂണ്‍ ഗ്രീനും ഹാന്‍ഡ്സ്കോംബും പിടിച്ചു നിന്നതോടെ ഓസീസ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യദിവസത്തെ ആധിപത്യമുറപ്പിച്ചു.

രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കി. ഉമേഷ് യാദവാണ് പകരക്കാരന്‍. ഓസ്‌ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.

Top