പാക്കിസ്ഥാനെ നേരിടാന്‍ പോര്‍വിമാനങ്ങളിലെ മിസൈലുകള്‍ പുതുക്കണം; ഇന്ത്യന്‍ വ്യോമ സേന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പോര്‍വിമാനങ്ങളിലെ ആയുധങ്ങള്‍ പുതുക്കണമെന്ന ആവശ്യവുമായി വ്യോമസേന. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ എഫ് 16 പോര്‍വിമാനങ്ങളുമായി പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് വ്യോമസേനയുടെ പുതിയ ആവശ്യം.

ബലാക്കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പരിശീലന കേന്ദ്രങ്ങളും മറ്റും ഭീകരര്‍ പടിഞ്ഞാറേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ താവളങ്ങള്‍ കൃത്യമായി മനസ്സിലാക്കി ആക്രമിക്കാന്‍ പുതിയ മിസൈലുകള്‍ വേണമെന്നാണ് സേന പറയുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്നും രക്ഷനേടാനാണ് പാക്കിസ്ഥാന്‍ ഭീകര കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിച്ചതെന്നാണ് സൂചന.

ആക്രമണത്തിന് ഉപയോഗിക്കുന്ന മിസൈലുകള്‍ക്ക് ഒരു നിശ്ചിത കാലാവധിയാണുള്ളത്. പോര്‍ വിമാനങ്ങളില്‍ ഘടിപ്പിക്കാതെ സൂക്ഷിച്ചാല്‍ ഇവ ഏറെക്കാലം കുഴപ്പമില്ലാതെ സൂക്ഷിക്കാം. എന്നാല്‍, പോര്‍വിമാനത്തില്‍ ഘടിപ്പിപ്പിച്ചു പറക്കുമ്പോള്‍ കുറച്ച് നാളുകള്‍ക്ക് ശേഷം ഇവയുടെ ഗുണം ഇല്ലാതാകുമെന്നും അതിനാല്‍ പുതിയ മിസൈലുകള്‍ വേണമെന്നുമാണ് സേന വ്യക്തമാക്കുന്നത്. പ്രധാനമായും പോര്‍വിമാനങ്ങളിലെ എയര്‍ ടു എയറിലേക്ക് തൊടുക്കാവുന്ന മിസൈലുകള്‍ മാറ്റണമെന്നാണ് നിര്‍ദേശം.

പാക്ക് വ്യോമസേന എഫ് 16 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത് ഇപ്പോഴും തുടരുകയാണ്. മാത്രമല്ല, പാക്കിസ്ഥാന്റെ പക്കലുള്ള എല്ലാ എഫ് 16 പോര്‍വിമാനങ്ങളും ഇന്ത്യയോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ വ്യോമതാവളത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജമ്മു കശ്മീരിലെ വ്യോമതാവളങ്ങളില്‍ പോര്‍വിമാനങ്ങളുടെ എണ്ണം ഇന്ത്യ വര്‍ദ്ധിപ്പിച്ചിരുന്നു. 2016ലെ സര്‍ജിക്കല്‍ ആക്രമണത്തിന് പിന്നാലെയും ഇന്ത്യന്‍ സൈന്യം ആയുധങ്ങള്‍ മാറ്റണമെന്നും ആയുധങ്ങളില്‍ ആധുനികവല്‍ക്കരണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.

Top