സെമി ലക്ഷ്യമിട്ട് ഇന്ത്യ; എതിരാളികൾ സിംബാബ്‍‍വേ

മെൽബൺ: ട്വന്റി 20 ലോകകപ്പിൽ സെമിഫൈനൽ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സിംബാബ്‍‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. മെൽബണിൽ ഉച്ചക്ക് ഒന്നരയ്ക്കാണ് മത്സരം. ഓപ്പണർ കെ എൽ രാഹുൽ ഫോമിലേക്ക് എത്തിയതോടെ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. മഴകാരണം ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ഉപേക്ഷിച്ച വേദിയാണ് മെൽബൺ. ഇന്ന് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ പ്രവചനം. ഫാസ്റ്റ് ബൗളർമാരെ തുണക്കുന്നതാണ് മെൽബണിലെ വിക്കറ്റ്. ട്വന്റി 20 ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യയും സിംബാബ്‍വേയും നേർക്കുനേർവരുന്നത്. ഇന്ന് ജയിച്ചാല്‍ സെമിയില്‍ ഇംഗ്ലണ്ടായിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യയുടെ മത്സര ഫലത്തെ ആശ്രയിച്ചാണ് പാകിസ്ഥാന്റെ സെമി പ്രവേശന സാധ്യതകൾ. അതുകൊണ്ടു തന്നെ ബം​ഗ്ലാദേശിനെതിരെ ജയിക്കുകയും സിംബാബ്‍‍വെക്കെതിരെ ഇന്ത്യ തോൽക്കുകയും ചെയ്താൽ മാത്രമേ പാകിസ്ഥാന് സെമിയിലെത്താൻ സാധിക്കൂ. തങ്ങളെ അട്ടിമറിച്ചതുപോലെ സിംബാബ്‍‍വേ ഇന്ത്യയെ തോൽപ്പിക്കുന്നതും കിനാവുകാണേണ്ട സ്ഥിതിയാണ് പാകിസ്ഥാന്. കടുത്ത എതിരാളികളെയാണ് പാകിസ്ഥാന് ഇന്ന് നേരിടേണ്ടത്.

സൂപ്പർ 12ലെ മറ്റൊരു ആവേശകരമായ മത്സരമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യയെ വിറപ്പിച്ച ആവേശത്തിലാണ് ബം​ഗ്ലാദേശ്. കളിക്കളത്തിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ച് നാട്ടിലേക്ക് തിരിക്കുകയായിരിക്കും ബം​ഗ്ലാദേശിന്റെ ലക്ഷ്യം. രാവിലെ 9.30നാണ് മത്സരം.

Top