കോവിഡിനതിരായ പോരാട്ടത്തില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മുന്നില്‍: നരേന്ദ്രമോദി

ന്യൂഡല്‍ഹി: കോവിഡിനതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറസിനെതിരായി ജനങ്ങള്‍ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രോപ്പോലീത്തയുടെ നവതി ആഘോഷ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രോപ്പോലീത്തയ്ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു. രാജ്യത്തിന്റെയും സമൂഹത്തിന്റെയും അഭിവൃദ്ധിക്കായി സമര്‍പ്പിച്ച ജീവിതമാണ് ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രോപ്പോലീത്തയുടേതെന്ന് മോദി പറഞ്ഞു. ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി പരിശ്രമിച്ച വ്യക്തിയാണ് ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെന്ന് മോദി പറഞ്ഞു. ദേശീയ ഐക്യത്തിന് സഭ നല്‍കുന്ന സേവനം മഹത്തരമാണെന്നും സ്വാതന്ത്ര്യസമരത്തിലും സഭ വലിയ സംഭാവന നല്‍കിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് കോവിഡ് 19 മഹാമാരിക്കെതിരെ ലോകം നടത്തുന്ന പോരാട്ടത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ജനങ്ങളുടെ ജീവിതത്തിന് നേരെയുളള ഭീഷണിയാണ് കോവിഡെന്നും ഇവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ വൈറസ് ഉണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കുമെന്നാണ് ചിലര്‍ പ്രവചിച്ചത്. എന്നാല്‍ ലോക്ഡൗണ്‍ ഉള്‍പ്പടെ സര്‍ക്കാര്‍ എടുത്ത പ്രതിരോധ നടപടികള്‍ ഗുണം ചെയ്തുവെന്നും വൈറസിനെതിരായി ജനങ്ങള്‍ നടത്തിയ പോരാട്ടം ഫലം കണ്ടുവെന്നും ഇന്ത്യയില്‍ രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം, വൈറസിനെതിരായ പോരാട്ടം അവസാനിച്ചിട്ടില്ല. കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ആള്‍ക്കൂട്ടം ഒഴിവാക്കുക, കൈകഴുകുക തുടങ്ങിയ കാര്യങ്ങള്‍ പ്രധാനപ്പെട്ടതാണ്. അതേ സമയം രാജ്യത്തിന്റെ സമ്പദ്ഘടനയെ കുറിച്ചും രാജ്യത്തെ ജനങ്ങളുടെ അഭിവൃദ്ധിയെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. കാര്‍ഷികമേഖലയും വ്യവസായമേഖലയും പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top