ആദ്യ പതിനൊന്നിൽ മാറ്റമുണ്ടാകില്ല; കീവീസിനെതിരെ നാളെ ഇന്ത്യക്ക് ജീവന്മരണ പോരാട്ടം

ദുബൈ: ട്വന്‍റി20 ലോകകപ്പിലെ സൂപ്പർ 12ലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ഇലവനിൽ മാറ്റം വരുത്താതെ കളത്തിലിറങ്ങുമെന്ന്​​ റിപ്പോർട്ട്​. ഞായറാഴ്ചയാണ്​ കിവീസിനെതാരായ ഇന്ത്യയുടെ പോരാട്ടം. ഏതെങ്കിലും കളിക്കാരൻ ഫിറ്റല്ലെങ്കിൽ മാത്രമേ ഇലവനിൽ മാറ്റത്തിന്​ സാധ്യതയുള്ളൂവെന്നാണ്​ റിപ്പോർട്ട്​.

ആദ്യ മത്സരത്തിൽ പാകിസ്​താനെതിരെ 10 വിക്കറ്റിന്​ തോറ്റതിന്​ പിന്നാലെ ഇന്ത്യയുടെ ടീം സെലക്ഷന്​ വ്യാപക വിമർശനം നേരിട്ടിരുന്നു. ഫോമിലില്ലാത്ത ഭുവനേശ്വർ കുമാറിനെയും സ്​പെഷ്യലിസ്റ്റ്​ ബാറ്ററുടെ റോളിൽ ഹർദിക്​ പാണ്ഡ്യയെയും കളിപ്പിച്ചതിനെ നിരവധി പേർ വിമർശിച്ചു.

പാണ്ഡ്യക്ക്​ പകരം  ചെന്നൈ സൂപ്പർ കിങ്​സ്​ ഓൾറൗണ്ടർ ശർദുൽ ഠാക്കൂറിനെ ഏഴാമനായി പരിഗണിച്ചേക്കില്ല. ഇന്ത്യയുടെ ആറാമത്തെ ബൗളറായി ശർദുലിനെ പരിഗണിക്കണമെന്നായിരുന്നു പാകിസ്​താനെതിരായ മത്സരത്തിന്​ പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ആവശ്യപ്പെട്ടത്​​. ഡെത്ത്​ ഓവറുകളിൽ ബാറ്റുകൊണ്ടും തിളങ്ങാൻ സാധിക്കുമെന്നതും പോസിറ്റീവായി ഉയർത്തിക്കാണിക്കപ്പെട്ടു.

പരിക്കിൽ നിന്ന്​ മുക്തനായെത്തിയ പാണ്ഡ്യ പാകിസ്​താനെതിരെ പന്തെറിഞ്ഞിരുന്നില്ല. സ്​പെഷ്യലിസ്​റ്റ്​ ബാറ്റ്​സ്​മാനായി താരത്തെ ടീമിലുൾപെടുത്തുന്നതിൽ കാര്യമില്ലെന്നായിരുന്നു ആരാധകരടക്കം പറയുന്നത്​. പകരം മുംബൈ ഇന്ത്യൻസിന്‍റെ തന്നെ ഇഷാൻ കിഷനെ ആ സ്​ഥാനത്തേക്ക്​ പരിഗണിക്കണമെന്നും​ അഭിപ്രായമുയർന്നു.

Top