പ്രതികാരം ചെയ്യാൻ ഇന്ത്യ ഇന്ന് കീവീസിനെതിരെ

ജയ്പുർ: ആവശ്യത്തിനു വിശ്രമം കിട്ടുന്നില്ലെന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ബിസിസിഐയോട് എല്ലായ്പ്പോഴുമുള്ള പരാതിയാണ്. പക്ഷേ അതു കേട്ടാൽ ന്യൂസീലൻഡ് കളിക്കാർ ഇന്ത്യക്കാരോടു ചോദിക്കും: ‘നിങ്ങളെത്ര ഭാഗ്യവാൻമാർ. ഞങ്ങളെ നോക്കൂ..’ സത്യം; ട്വന്റി20 ലോകകപ്പ് ഫൈനലിനു ശേഷം ഒന്നു ശ്വാസം വിടാൻ പോലും കിവീസ് കളിക്കാർക്ക് അവസരം കിട്ടിയിട്ടില്ല. 14ന് ലോകകപ്പ് ഫൈനൽ, ഇന്ന് ഇന്ത്യയ്ക്കെതിരെ ആദ്യ ട്വന്റി20!

സവായ് മാൻസിങ് സ്റ്റേഡിയത്തിൽ രാത്രി എഴിനാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട് സ്റ്റാറിലും കാണാം. 3 ട്വന്റി20 മത്സരങ്ങളും 2 ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. 11 മാസങ്ങൾക്കപ്പുറം ഓസ്ട്രേലിയയിൽ അടുത്ത ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ രണ്ടു ടീമിനും അതിനുള്ള ഒരുക്കങ്ങളുടെ തുടക്കം കൂടിയാണിത്.

ഈ പരമ്പരയുടെ ‘ട്രെയ്‌ലർ’ ലോകകപ്പിൽ നടന്നു കഴിഞ്ഞു. സൂപ്പർ 12 റൗണ്ടിൽ ന്യൂസീലൻഡിനോട് 8 വിക്കറ്റിനു തോറ്റതോടെയാണ് ഇന്ത്യയുടെ ലോകകപ്പിൽ ഇന്ത്യയുടെ വഴിയടഞ്ഞു പോയത്. അതുകൊണ്ടു തന്നെ ഇന്നത്തെ മത്സരത്തിനു ചെറിയൊരു പ്രതികാരസ്വഭാവമുണ്ട്.

അടിമുടി മാറിയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ട്വന്റി20 ടീം സ്ഥിരം ക്യാപ്റ്റനായി രോഹിത് ശർമയും പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡും ചുമതലയേൽക്കുന്ന ആദ്യ മൽസരമാണിത്. ഐപിഎലിൽ തിളങ്ങിയിട്ടും ലോകകപ്പ് ടീമിൽ ഇടം കിട്ടാതെ പോയ ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കടേഷ് അയ്യർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ എന്നിവരെല്ലാം ‘പുതിയ ഇന്ത്യ’യിലുണ്ട്. വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയവർ വിശ്രമമെടുക്കുകയും ചെയ്തു.

Top