ഭാവി ഇന്ത്യന്‍ യൗവ്വനം സൂപ്പറായി തുടങ്ങി; വീണത് ദക്ഷിണാഫ്രിക്ക !

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ വിജയം. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 69 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍ ഇന്ത്യ 327/6, ദക്ഷിണാഫ്രിക്ക 258/10

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അര്‍ധസെഞ്ചറികള്‍ നേടിയ ശിവം ദുബെയുടേയും അക്‌സര്‍ പട്ടേലിന്റേയും മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സുമടക്കം 79 റണ്‍സ് നേടി ദുബെ പുറത്താകാതെ നിന്നു. അക്‌സര്‍ പട്ടേല്‍ 36 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 60 റണ്‍സുമായി നോട്ടൗട്ടായി നിന്നു. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പുറത്താകാതെ 121 റണ്‍സാണ് നേടിയത്.അക്‌സറാണ് മാന്‍ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി റീസ ഹെന്‍ഡ്രിക്കസ് സെഞ്ച്വറി നേടി. തകര്‍ത്തടിച്ച ഹെന്റിച്ച് ക്ലാസന്‍ അര്‍ധസെഞ്ച്വറിയും നേടി. എന്നാല്‍ മറ്റ് താരങ്ങള്‍ക്കാര്‍ക്കും പിന്തുണ നല്‍കാനാകാതെ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സ് 258-ല്‍ അവസാനിച്ചു. ഇന്ത്യക്കായി യുസ്വേന്ദ്ര ചഹല്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ എയ്ക്ക് (1-0) ലീഡായി.

Top