ഏത് ശക്തികളെയും തുരത്താന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണ്; ആശങ്ക വേണ്ടെന്ന് രാജ്‌നാഥ് സിംഗ്

Rajnath Singh

ചെന്നൈ: ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങള്‍ കടത്തി വിട്ടെന്ന വാര്‍ത്തകളില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്.

ദേശീയ സുരക്ഷയ്ക്ക് വിഘാതമാകുന്ന എന്ത് നടപടികളെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.

പാക്കിസ്ഥാന്‍ എന്നല്ല ഏത് ശക്തികളെയും തുരത്താന്‍ സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും (കര-നാവിക-വ്യോമ സേനകള്‍) എല്ലായ്‌പ്പോഴും സജ്ജമാണ്, അദ്ദേഹം വ്യക്തമാക്കി. നാവികസേനയുടെ വരാഹ കപ്പല്‍ കമ്മീഷന്‍ ചെയ്യുന്നതിന് എത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനുമെതിരെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കശ്മീര്‍ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നല്‍കുന്നതിന് പ്രധാനമന്ത്രിയെയും അജിത് ഡോവലിനെയും അമിത് ഷായേയും അപായപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ മേജര്‍ ജെയ്ഷെ മൊഹമ്മദുമായി സഹകരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ജയ്ഷെ കമാന്‍ഡര്‍ ഷംസീര്‍ വാണി അനുയായികള്‍ക്ക് അയച്ച കൈ കൊണ്ടെഴുതിയ കത്തിന്റെ പകര്‍പ്പാണ് രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ന്നു കിട്ടിയത്. ഇതില്‍ ഈ മാസം 25നും 30 നും ഇടയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നാണ് സൂചനയുള്ളത്.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ 30 നഗരങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്പൂര്‍, ഗാന്ധി നഗര്‍, കാണ്ഡപൂര്‍, ലക്നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതിര്‍ത്തിയിലും അതിജാഗ്രതാ നിര്‍ദേശമുണ്ട്.

അജിത് ഡോവലിനുള്ള സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.

രാജ്യത്തിന്റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

Top