മലയാള സിനിമയിലേക്ക് ലക്ഷദ്വീപില്‍നിന്നും ഒരു സ്വതന്ത്ര സംവിധായിക

മലയാള സിനിമയിലേക്ക് ആദ്യമായി ലക്ഷദ്വീപില്‍നിന്നും ഒരു സ്വതന്ത്ര സംവിധായിക എത്തുന്നു. യുവസംവിധായിക ഐഷാ സുല്‍ത്താനയാണ് പുതിയ ചിത്രവുമായി വരുന്നത്. ചിത്രത്തിന്റെ രചനയും ഐഷ തന്നെയാണ്. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തു. ‘ഫ്‌ലഷ്’ എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ സംവിധായകന്‍ ലാല്‍ ജോസ് ഫേസ്ബുക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ലാല്‍ ജോസ് ഉള്‍പ്പെടെ ഒട്ടെറെ സംവിധായകര്‍ക്കൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ഐഷ.

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലാണ് ഐഷ സുല്‍ത്താന അവസാനമായി സഹസംവിധായികയായി പ്രവര്‍ത്തിച്ചത്. ആ സിനിമയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, മ്യൂസിക് ഡയറക്ടര്‍ വില്യം എന്നിവരും ഈ ചിത്രത്തില്‍ പങ്കാളികളാവുന്നുണ്ട്. വിഷ്ണു പണിക്കര്‍ ക്യാമറയും നവാഗതനായ അനന്തു സുനില്‍ ആര്‍ട്ടും, ലക്ഷദ്വീപ് നിവാസിയായ യാസര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പി.ആര്‍. സുമേരന്‍ (പി.ആര്‍.ഒ) എന്നിവരും പ്രവര്‍ത്തിക്കുന്നു.

എന്റെ സംവിധാന സഹായിയായി എത്തിയ ഒരാള്‍ കൂടി ഒരു സ്വതന്ത്ര സൃഷ്ടിയുമായെത്തുന്നു. ഇക്കുറി ഒരു പെണ്‍കുട്ടിയാണ്. ഐഷ സുല്‍ത്താനയെന്ന ലക്ഷദ്വീപുകാരി. ഐഷയുടെ ചിത്രം ഫ്‌ലഷിന്റെ പോസ്റ്റര്‍ ഏറെ സന്തോഷത്തോടെ ഞാന്‍ പങ്കുവയ്ക്കുന്നു’ -ലാല്‍ ജോസ് പറഞ്ഞു.

ഈ സിനിമക്ക് ലക്ഷദ്വീപ് ഭരണകൂടവും കൈകോര്‍ക്കുന്നുണ്ട്. കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Top