‘ആര്‍ട്ടിക്കിള്‍ 370’ റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സര്‍ക്കാരിന്റെ നേട്ടമാണെന്ന് സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 അനിവാര്യമായിരുന്നു എങ്കില്‍ എന്തിന് താല്‍ക്കാലികമായി നിലനിര്‍ത്തി. കശ്മീരിന്റെ പ്രത്യേക പദവിക്കായി വാദിക്കുന്നവര്‍ ഇതിന് മറുപടി പറയണം. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. സര്‍ദാര്‍ പട്ടേലിന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണ് സര്‍ക്കാരെന്നും എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം, മുത്തലാഖ് നിരോധിച്ചതിലൂടെ മുസ്‌ലിം സ്ത്രീകളുടെ ശാക്തീകരണത്തിന് വഴിയൊരുക്കി. ജനസംഖ്യാ വര്‍ധനവാണ് രാജ്യം നേരിടുന്ന വെല്ലുവിളിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് പ്രളയദുരിതം അനുഭവിക്കുന്ന ജനതക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജമ്മുകശ്മീര്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ മറ്റു പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ചെങ്കോട്ടയും പരിസരവും.

Top