Independence Day Narendra Modi addresses price rise to progress

ന്യൂഡല്‍ഹി: രാജ്യമെങ്ങും എഴുപതാം സ്വാതന്ത്ര്യദിന ആഘോഷത്തിന് ഔദ്യോഗികമായ തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി.

ഇന്ത്യയെ മഹത്തരമാക്കുകയെന്നതാണു നമ്മുടെ കടമയെന്നും സ്വരാജ്യത്തില്‍നിന്നു സുരാജ്യത്തിലേക്കു മാറണമെന്നും മോദി പറഞ്ഞു

ജനവികാരം മാനിച്ചാകണം രാജ്യത്തു ഭരണം. ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 125 കോടി തലച്ചോറുകള്‍ ഇവിടെയുണ്ട്. ഇത് ഉപയോഗിക്കണം. സുരാജ്യം വരണമെങ്കില്‍ മികച്ച ഭരണനിര്‍വഹണം വേണം.

സാമൂഹിക മാറ്റത്തിനായാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 70,000ല്‍ അധികം ഗ്രാമങ്ങള്‍ തുറസ്സായ മല – മൂത്ര വിസര്‍ജനത്തില്‍നിന്നു മാറി. വൈദ്യുതി വിതരണ ലൈനുകള്‍ ഇടുന്നത് 50,000 കിലോമീറ്ററായി വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 30,000 – 35,000 കിലോമീറ്ററുകള്‍ മാത്രമായിരുന്നു. ജോലിയുടെ വേഗത വര്‍ധിപ്പിക്കണം.

ഓരോ തുള്ളി വെള്ളത്തില്‍നിന്നും കൂടുതല്‍ വിളവുനേടണം. മികച്ച മഴക്കാലമാണ് ഈ വര്‍ഷം ലഭിച്ചത്. അതിനാല്‍ ധാന്യങ്ങളുടെ ലഭ്യത ഈ വര്‍ഷം ഒന്നരയിരട്ടി വര്‍ധിച്ചു.

എന്റെ രാജ്യത്തെ കര്‍ഷകര്‍ക്ക് ആവശ്യത്തിനു വെള്ളം ലഭിക്കുകയാണെങ്കില്‍ മണ്ണിനെ പൊന്നാക്കാന്‍ അവര്‍ക്കു കഴിയും. മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റം 10% ആയിരുന്നു,ഇപ്പോഴത് ആറു ശതമാനത്തില്‍ കൂടാന്‍ അനുവദിക്കാറില്ല.

ക്ഷാമത്തെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷം വിലക്കയറ്റത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. വിലക്കയറ്റം പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്യും.

350 രൂപാ വിലയുള്ള എല്‍ഇഡി ബള്‍ബുകള്‍ 50 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇത്തരം ബള്‍ബുകള്‍ ഉപയോഗിക്കുന്നതുവഴി ഊര്‍ജം ലാഭിക്കാനും ആഗോളതാപനം കുറയ്ക്കാനും കഴിയും. ഇതുവരെ 13 കോടി ബള്‍ബുകള്‍ വിതരണം ചെയ്തു. 77 കോടിയാണ് ലക്ഷ്യം.

സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു. ഭരണം കാര്യക്ഷമമാക്കുന്നതില്‍ പുരോഗതിയുണ്ടായി. റെയില്‍വേ, പാസ്‌പോര്‍ട് വിതരണം എന്നിവ മെച്ചപ്പെടുത്തി. യുപിഎയുടെ പത്തു വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി റെയില്‍വേ ലൈനുകള്‍ കമ്മിഷന്‍ ചെയ്തു.

ആധാറുമായി 70 കോടി ജനങ്ങളെ ബന്ധിപ്പിച്ചു. കഴിഞ്ഞ 60 വര്‍ഷമായി 14 കോടി ജനങ്ങള്‍ക്കാണ് ഗ്യാസ് കണക്ഷനുകള്‍ നല്‍കിയത്.

ഇന്ന് 60 ആഴ്ച കൊണ്ട് നാലു കോടി ജനങ്ങള്‍ക്കു കണക്ഷന്‍ നല്‍കാനായി. ഊര്‍ജോത്പാദനത്തിലും വന്‍ കുതിപ്പുണ്ടായി. പതിനായിരം ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിച്ചു. 21 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു. രാജ്യത്തുനിന്നു നിരാശാഭാവം മാറ്റാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top