പ്രധാനമന്ത്രിക്കെതിരെ അസഭ്യ പരാമര്‍ശം; ഒവൈസിക്കെതിരെ പൊലീസ് കേസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും അസഭ്യ പരാമര്‍ശം നടത്തിയ എ ഐ എം ഐ എം നേതാവ് അസദുദീന്‍ ഒവൈസിക്കെതിരെ പൊലീസ് കേസെടുത്തു. ഇതിനു പുറമേ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെതിരെയും സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിനെതിരെയും ഒവൈസിക്കെതിരെ പ്രത്യേകം കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ബരാബങ്കി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാഴാഴ്ച നടന്ന പാര്‍ട്ടി റാലിയിലാണ് ഒവൈസി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിത്.

100 വര്‍ഷം പഴക്കമുള്ള രാം സനേഹി ഘട്ട് മുസ്ലീം പള്ളി അധികാരികളുടെ ഒത്താശയോടെ പൊളിച്ചു നീക്കിയെന്നും അതിന്റെ അവശിഷ്ടങ്ങള്‍ ആരുമറിയാതെ നീക്കം ചെയ്തുവെന്നും ഒവൈസി റാലിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും വസ്തുതാവിരുദ്ധമായ കാര്യമാണെന്നും സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുകയായിരുന്നു ഒവൈസിയുടെ ലക്ഷ്യമെന്നും പൊലീസ് എഫ് ഐ ആറില്‍ പറയുന്നു. റാലിയില്‍ സാമൂഹിക അകലം പാലിക്കാതെയാണ് പ്രവര്‍ത്തകര്‍ പങ്കെടുത്തതെന്നും ഒവൈസി മാസ്‌ക് ധരിച്ചിരുന്നില്ലെന്നും പൊലീസ് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നു.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷം ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും മുസ്ലീം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന മോദി ഹിന്ദു സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അനീതികള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഒവൈസി പറഞ്ഞു. ഭര്‍ത്താവ് സുഖമായി കഴിയുമ്പോള്‍ ആരോരുമില്ലാതെ ഒറ്റക്കു താമസിക്കേണ്ടി വരുന്ന അദ്ദേഹത്തിന്റെ ഭാര്യയെകുറിച്ചോര്‍ത്ത് തനിക്ക് വിഷമമുണ്ടെന്നും ഒവൈസി പറഞ്ഞിരുന്നു.

 

Top