സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് പത്തുവിക്കറ്റ് വിജയം

ഹരാരെ: സിംബാബ്‌വെക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് പത്ത് വിക്കറ്റ് വിജയം. 190 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 30.5 ഓവറിൽ സ്‌കോർ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ഓപ്പൺർമാരായ ശിഖർ ധവാൻ 81 റൺസും ശുഭ്മാൻ ഗിൽ 82 റൺസും നേടി.

ടോസ് നേടിയ ഇന്ത്യ സിംബാബ്‌വെയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 40.3 ഓവറിൽ 189 റൺസിന് സിംബാബ്‌വെയുടെ എല്ലാവരും പുറത്തായി. ഒൻപതാം വിക്കറ്റിൽ ബ്രാഡ് ഇവാൻസ്, റിച്ചാർഡ് എൻഗർവ എന്നിവർ നടത്തിയ ചെറുത്തു നിൽപ്പാണ് അവർക്ക് ഈ സ്‌കോർ സമ്മാനിച്ചത്.

ആദ്യ നാല് ബാറ്റർമാരും രണ്ടക്കം കടക്കാതെ മടങ്ങിയപ്പോൾ ക്യാപ്റ്റൻ റഗിസ് ചകബ്വ ഒരറ്റത്ത് പൊരുതി നിന്നു. 35 റൺസെടുത്താണ് നായകനാണ് ടോപ് സ്‌കോറർ. വലറ്റത്ത് തിളങ്ങിയ ബ്രാഡ് ഇവാൻ 33 റൺസുമായി പുറത്താകാതെ നിന്നു. റിച്ചാർഡ് എൻഗർവ 34 റൺസും കണ്ടെത്തി.

ഇന്ത്യക്കായി ദീപക് ചഹർ, പ്രസിദ്ധ കൃഷ്ണ, അക്ഷർ പട്ടേൽ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.

Top