കോഹ്ലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സഹതാരങ്ങള്‍

മൊഹാലി: കരിയറിലെ നൂറാം ടെസ്റ്റ് കളിക്കുന്ന മുന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സഹ താരങ്ങളുടെ ആദരം. ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഫീല്‍ഡിങിന് മൈതാനത്തേക്ക് ഇറങ്ങിയ ഇന്ത്യന്‍ ടീം കോഹ്‌ലിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ സഹ താരങ്ങള്‍ ഇരു ഭാഗത്തായി നിന്നു. സഹ താരങ്ങള്‍ക്ക് നടുവിലൂടെ കൈകള്‍ ഉയര്‍ത്തി കോഹ്‌ലി ഗ്രൗണ്ടിലേക്ക് ഇറങ്ങി.

കോഹ്‌ലിക്ക് സഹ താരങ്ങള്‍ ഒരുക്കിയ ഗാര്‍ഡ് ഓഫ് ഓണറിന്റെ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കിട്ടു. ആദരം ഏറ്റുവാങ്ങുമ്പോള്‍ ചിരിച്ചാണ് കോഹ്‌ലി ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. ‘കോഹ്‌ലിയുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാം പറയും’- എന്ന കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കിട്ടത്.

100ാം ടെസ്റ്റില്‍ ബാറ്റിങിന് ഇറങ്ങിയ കോഹ്‌ലി മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. താരം 45 റണ്‍സുമായി മടങ്ങി. നേരത്തെ മത്സരത്തിന് ഇറങ്ങും മുന്‍പ് 100ാം ടെസ്റ്റ് കളിക്കുന്നതിന്റെ ഭാഗമായി പ്രത്യേക തൊപ്പി കോഹ്‌ലിക്ക് മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയിരുന്നു.

Top