പൂനെയിലെ മിന്നലടി; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി അക്‌സര്‍ പട്ടേല്‍

പൂനെ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ട്വന്‍റി 20യില്‍ തുടക്കത്തിലെ വിക്കറ്റ് വീണ് പതറിയ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കിയത് അക്‌സര്‍ പട്ടേലിന്‍റെ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയായിരുന്നു. സൂര്യകുമാര്‍ യാദവിനെയും ശിവം മാവിയേയും കൂട്ടുപിടിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അക്‌സര്‍ കനത്ത പോരാട്ടം കാഴ്‌ചവെച്ച ശേഷമാണ് കീഴടങ്ങിയത്. ഇതോടെ മൂന്ന് റെക്കോര്‍ഡുകള്‍ അക്‌സര്‍ പട്ടേല്‍ തന്‍റെ പേരിലെഴുതി.

ഏഴാമനായി ക്രീസിലെത്തിയ അക്‌സര്‍ പട്ടേല്‍ 31 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സറും സഹിതം 65 റണ്‍സെടുത്താണ് മടങ്ങിയത്. ഇതോടെ രാജ്യാന്തര ട്വന്‍റി 20യിലോ അതിന് താഴെയോ സ്ഥാനത്ത് ഇറങ്ങിയ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയതിന്‍റെ ഇന്ത്യന്‍ റെക്കോര്‍ഡ് അക്‌സറിന്‍റെ പേരിലായി. പുറത്താവാതെ 44 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുടെ റെക്കോര്‍ഡാണ് അക്‌സര്‍ തകര്‍ത്തത്. ഏഴോ അതില്‍ താഴെയോ സ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരം എന്ന നേട്ടവും അക്‌സര്‍ സ്വന്തമാക്കി. ഏഴാമനായി എത്തി നാല് സിക്‌സുകള്‍ നേടിയ ദിനേശ് കാര്‍ത്തിക്കിന്‍റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. വെറും 20 പന്തില്‍ അമ്പതിലെത്തിയ അക്‌സര്‍ വേഗത്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ അഞ്ചാമത്തെ ഇന്ത്യന്‍ താരമായി. ആദ്യ എട്ട് പന്തില്‍ എട്ട് റണ്‍സ് മാത്രം നേടിയ അക്‌സര്‍ പിന്നീടുള്ള 12 ബോളില്‍ 42 അടിച്ചുകൂട്ടുകയായിരുന്നു. 12 പന്തില്‍ ഫിഫ്റ്റി നേടിയ യുവ്‌രാജ് സിംഗ് തന്നെയാണ് തലപ്പത്ത്. രാജ്യാന്തര ടി20യില്‍ അക്‌സറിന്‍റെ ആദ്യ ഫിഫ്റ്റിയാണ് റെക്കോര്‍ഡുകളുടെ പെരുമഴ സൃഷ്‌ടിച്ചത്.

അക്‌സര്‍ പട്ടേല്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പൂനെ ട്വന്‍റി 20യിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 16 റൺസിന്‍റെ തോൽവി നേരിട്ടു. ലങ്കയുടെ 206 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 190 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതോടെ പരമ്പരയില്‍ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്‌സര്‍ 31 പന്തില്‍ 65 ഉം സൂര്യ 36 പന്തില്‍ 51 ഉം മാവി 15 പന്തില്‍ 26 ഉം റണ്‍സെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകന്‍ ദാസുന്‍ ശനകയാണ് ലങ്കയുടെ വിജയശില്‍പി.

Top