കാര്യവട്ടം ടി20 ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ. നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബിസിസിഐ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ പങ്കെടുക്കും. വൈകീട്ട് ഏഴര മുതൽ ടിക്കറ്റ് ലഭ്യമാകും. നിരക്കും ഉടൻ പ്രഖ്യാപിക്കും. മത്സരത്തിൻറെ ടീസർ വീഡിയോയുടെ പ്രകാശനം മുൻ എംപി പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും.

ചടങ്ങിൽ ഇന്ത്യൻ താരം സഞ്ജു സാംസണെ ആദരിക്കും. കെസിഎ പ്രസിഡൻറ് സജൻ കെ വർഗ്ഗീസ്, ബിസിസിഐ ജോയിൻറ് സെക്രട്ടറി ജയേഷ് ജോർജ്ജ്, കെസിഎ സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായർ, ജോയിൻറ് സെക്രട്ടറി അഡ്വ രജിത് രാജേന്ദ്രൻ, ജനറൽ കൺവീനർ വിനോദ് എസ് കുമാർ തുടങ്ങിയവർ പങ്കെടുക്കും. 2019 ഡിസംബർ എട്ടിനാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ അവസാന രാജ്യാന്തര മത്സരം നടന്നത്. അന്ന് ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസ് എട്ട് വിക്കറ്റിന് വിജയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുള്ള പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ 28ന് കാര്യവട്ടത്ത് നടക്കുമ്പോൾ രണ്ടാം ടി20 ഒക്ടോബർ രണ്ടിന് ഗുവാഹത്തിയിലും മൂന്നാം കളി നാലാം തിയതി ഇൻഡോറിലും നടക്കും. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ഒക്ടോബർ ആറിന് ലക്നോവിൽ ആദ്യ ഏകദിനവും ഒമ്പതിന് റാഞ്ചിയിൽ രണ്ടാം മത്സരവും 11ന് ദില്ലിയിൽ മൂന്നാം കളിയും നടക്കും.

Top