വിശാഖപട്ടണം ടെസ്റ്റില്‍ ഇന്ത്യക്ക് ജയം; ദക്ഷിണാഫ്രിക്കയെ 203 റണ്‍സിന് തോല്‍പ്പിച്ചു

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് വിജയം. അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയുടേയും നാല് വിക്കറ്റെടുത്ത ജഡേജയും ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ എറിഞ്ഞിടുകയായിരുന്നു. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്സില്‍ 191 റണ്‍സിന് പുറത്തായി. 107 പന്തില്‍ 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 70 റണ്‍സിനിടയില്‍ എട്ടു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വാലറ്റമാണ്.

മുത്തുസാമിയും പീട്ടും ചേര്‍ന്ന ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ ജയം വൈകിപ്പിച്ചത്. 91 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ട് പീട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഷമി പൊളിച്ചു. പിന്നാലെ 30 റണ്‍സ് നീണ്ട മുത്തുസാമി-റബാഡ അവസാന വിക്കറ്റ് കൂട്ടുകെട്ടും ഷമി തന്നെയാണ് തകര്‍ത്തത്. റബാഡയെ സാഹയുടെ കൈകളിലെത്തിച്ച ഷമി അഞ്ച് വിക്കറ്റ് നേട്ടവും കുറിച്ചു.

കഴിഞ്ഞ മത്സരത്തിലെ ഹീറോ ഡീന്‍ എല്‍ഗറിനെ (2) ഇന്നലെ അവസാന സെഷനില്‍ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇന്ന് രാവിലത്തെ സെഷനില്‍ ഡി ബ്രുയിനെ (10) അശ്വിന്‍ വീഴ്ത്തിയപ്പോള്‍ തെംബ ബാവുമ (0)യെയും ഫാഫ് ഡുപ്ലെസിസിനെയും (13) ക്വിന്റണ്‍ ഡികോക്കിനെയും (0) ഷമി മടക്കി അയച്ചു. അഞ്ച് വിക്കറ്റിന് 60 റണ്‍സ് എന്ന നിലയിലാണ് ചായക്ക് പിരിഞ്ഞത്.

തുടര്‍ന്നായിരുന്നു ജഡേജയുടെ മാജിക്ക് ഓവര്‍. 27ആമത്തെ ഓവറിലെ ആദ്യ പന്തില്‍ ഒരു വശത്ത് പിടിച്ചു നിന്ന ഓപ്പണര്‍ ഐഡന്‍ മാര്‍ക്രത്തെ (39) സ്വന്തം ബൗളിംഗില്‍ ഉജ്ജ്വലമായി ജഡേജ പിടികൂടി. നാലാം പന്തില്‍ വെര്‍ണോണ്‍ ഫിലാണ്ടറെ (0)യും തൊട്ടടുത്ത പന്തില്‍ കേശവ് മഹാരാജിനെ(0) യും വിക്കറ്റിനു മുന്നില്‍ കുരുക്കിയ ജഡേജ ദക്ഷിണാഫ്രിക്കയെ വലിയ അപകടത്തിലേക്ക് തള്ളി വിട്ടു. തുടര്‍ന്നാണ് പീട്ട്-മുത്തുസാമി കൂട്ടുകെട്ടുണ്ടായത്.

Top