ഇന്ത്യ – കിവീസ് രണ്ടാം ടി 20 ഇന്ന്; ആദ്യ പരമ്പര വിജയം ലക്ഷ്യമിട്ട് ദ്രാവിഡും രോഹിതും

റാഞ്ചി: രാഹുൽ ദ്രാവിഡ്– രോഹിത് ശർമ കൂട്ടുകെട്ടിന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസം നേടിയെടുക്കാൻ ഇതിലും നല്ലൊരു അവസരമില്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്ഥിരം പരിശീലകനായശേഷമുള്ള ആദ്യ പരമ്പര വിജയം രാഹുൽ ദ്രാവിഡും ട്വന്റി20യിൽ സ്ഥിരം ക്യാപ്റ്റനായശേഷമുള്ള ആദ്യ കിരീടം രോഹിത് ശർമയും ലക്ഷ്യമിടുമ്പോൾ ഇന്ത്യ–ന്യൂസീലൻഡ് രണ്ടാംട്വന്റി20 മത്സരത്തിന് ഇരട്ടിയാവേശം. ആദ്യ ട്വന്റി20യിൽ 5 വിക്കറ്റിനു വിജയിച്ചതിന്റെ ആത്മവിശ്വാസവുമായിറങ്ങുന്ന ഇന്ത്യയ്ക്കാണു മുൻതൂക്കം. വൈകിട്ട് 7 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും തൽസമയം.

ഇന്നത്തെ മത്സരം ഇന്ത്യ തോറ്റാൽ കൊൽക്കത്തയിൽ നടക്കുന്ന മൂന്നാം ട്വന്റി20 മത്സരം പരമ്പരയുടെ ഫൈനലായി മാറും. അതിനാൽ വിജയവും പരമ്പരയും ഇന്നുതന്നെ ഉറപ്പാക്കി അവസാന മത്സരത്തിൽ നിന്നു വിശ്രമമെടുത്തു മാറിനിൽ‌ക്കാനാകും ക്യാപ്റ്റൻ രോഹിത് ശർമ ലക്ഷ്യമിടുന്നത്. ഋഷഭ് പന്ത്, കെ.എൽ.രാഹുൽ തുടങ്ങിയവർക്കും തുടർച്ചയായി മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണം മാറ്റേണ്ടതുണ്ട്.

വിരാട് കോലിയുടെ അസാന്നിധ്യത്തിൽ ബാറ്റിങ്ങിൽ മൂന്നാംസ്ഥാനത്തേക്കെത്തിയ സൂര്യകുമാർ യാദവ് ആദ്യ ട്വന്റി20യിൽ അവസരം നന്നായി വിനിയോഗിച്ചു. എന്നാൽ ബാറ്റിങ്ങിൽ താളം കണ്ടെത്താനാവാതെ വലഞ്ഞ ശ്രേയസ് അയ്യർക്ക് ഇന്നത്തെ മത്സരം നിർണായകമാകും. ആദ്യ മത്സരം ജയിച്ച ടീമിൽ ഇന്ത്യ മാറ്റം വരുത്താൻ സാധ്യതയില്ല. അതേസമയം, റൊട്ടേഷൻ നയമാണ് ടീം സ്വീകരിക്കുന്നതെങ്കിൽ ബോളിങ് നിരയിൽ പുതുമുഖങ്ങൾ വന്നേക്കാം.

ന്യൂസീലൻഡും ആദ്യ മത്സരത്തിൽ കളിച്ച ടീമിനെ നിലനിർത്താനാണ് സാധ്യത കൂടുതൽ. എങ്കിലും ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ ടോഡ് ആസിലിനു പകരം ലോകകപ്പ് ഹീറോ ഇഷ് സോധിയെ കൊണ്ടുവരാൻ സാധ്യതയുണ്ട്. മഞ്ഞുവീഴ്ചയുള്ളതിനാൽ ഇന്നത്തെ മത്സരത്തിൽ ടോസ് നിർണായകമാകും. ടോസ് നേടുന്നവർ‌ എതിർ ടീമിനെ ബാറ്റിങ്ങിന് അയയ്ക്കാനാണ് സാധ്യത.

Top