ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാന്‍മാരില്‍ നിന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ പഠിക്കാനുണ്ട്: ലാംഗര്‍

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നേരിടുന്ന പ്രതിന്ധിയെക്കുറിച്ച് വിമര്‍ശനമുന്നയിച്ച് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത്. നിലവാരമുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നേരിടുന്ന പ്രതിന്ധിയെന്നും വിരാട് കൊഹ്‌ലിയും ചേതേശ്വര്‍ പുജാരയുമാണ് ഇപ്പോള്‍ ഇരുടീമുകളെയും വ്യത്യസ്തമാക്കുന്നതെന്നും ലാംഗര്‍ പറഞ്ഞു.

‘സമ്മര്‍ദത്തെ അതിജീവിക്കുക എന്നതാണ് ക്രിക്കറ്റില്‍ ഏറ്റവും പ്രധാനം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്ത് ഉയരുന്നതില്‍ നിന്ന് പഠിക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് കഴിയുന്നില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ ക്രീസില്‍ ചെലവഴിക്കാന്‍ ധാരാളം സമയമുണ്ടെന്ന കാര്യവും ഓസീസ് താരങ്ങള്‍ മറന്നുവെന്നും’ ലാംഗര്‍ പറഞ്ഞു.

പന്തു ചുരണ്ടല്‍ വിവാദത്തെതുടര്‍ന്ന് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് നേരിട്ടതോടെ വന്‍ തിരിച്ചടിയാണ് ഓസീസ് നേരിടുന്നത്.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഒരു ഓസീസ് താരത്തിന് പോലും സെഞ്ചുറി നേടാനായിട്ടില്ല. ട്രാവിസ് ഹെഡും ഉസ്മാന്‍ ഖവാജയും നേടിയ 72 റണ്‍സാണ് പരമ്പരയില്‍ ഇതുവരെ ഓസീസ് താരങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍.

 

 

Top