ഓക്‌സിജന്‍ ആവശ്യകത പെരുപ്പിച്ചു; ഡല്‍ഹി സര്‍ക്കാരിനെതിരെ സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ഓക്സിജന്‍ ആവശ്യകത ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട്. വേണ്ടിയിരുന്ന ഓക്സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ഡല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്സിജന്‍ ലഭ്യതയെ ബാധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടണ്‍ ഓക്സിജന്‍ മാത്രമാണ് ഡല്‍ഹിക്ക് ആവശ്യമുണ്ടായിരുന്നുതെന്നും എന്നാല്‍ 1,140 മെട്രിക് ടണ്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരാശരി ഓക്സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം ഡല്‍ഹി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

കിടക്കകളുടെ എണ്ണം കുറവുള്ള നാല് ഡല്‍ഹി ആശുപത്രികള്‍-സിംഘാല്‍ ആശ്പത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്ഐസി മോഡല്‍ ആശുപത്രി ലൈഫറി ആശുപത്രി-കൂടുതല്‍ ഓക്സിജന് വേണ്ടി മുറവിളി കൂട്ടിയതായും ആശുപത്രികള്‍ നല്‍കിയ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായും സമിതി അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി കൂട്ടിച്ചേര്‍ത്തു.

 

Top