ആണവായുധ ശക്തി വര്‍ധിപ്പിക്കണം, സൈനികര്‍ തയ്യാറായി നില്‍ക്കണം; സജീവമായി കിം

പോങ്യോങ്: രാജ്യത്തെ ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. യോഗത്തില്‍ ആണവായുധങ്ങളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ചയോളം പൊതുചടങ്ങുകളില്‍നിന്നും ഔദ്യോഗിക യോഗങ്ങളില്‍നിന്നും വിട്ടുനിന്നതിന് ശേഷമാണ് ഉത്തര കൊറിയന്‍ ഏകാധിപതി വീണ്ടും സജീവമാകുന്നത്.

ഉത്തര കൊറിയയുടെ തന്ത്രപ്രധാന മേഖലകളില്‍ വിവിധ സൈനിക വിഭാഗങ്ങള്‍ സജ്ജരായിരിക്കണമെന്നും കിം നിര്‍ദേശിച്ചതായി കെസിഎന്‍എ വ്യക്തമാക്കി. ആരോഗ്യസ്ഥിതി മോശമായി കിം മരിച്ചുവെന്ന തരത്തില്‍ കഴിഞ്ഞ മാസം പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ മേയ് ആദ്യവാരം ഒരു രാസവള ഫാക്ടറിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തോടെ അഭ്യൂഹങ്ങള്‍ക്ക് അവസാനമായി.

പിന്നെയും 20 ദിവസത്തോളം അദ്ദേഹത്തെക്കുറിച്ചു വിവരമുണ്ടായിരുന്നില്ല. അതിനിടയ്ക്കാണ് സെന്‍ട്രല്‍ മിലിട്ടറി കമ്മിഷന്റെ യോഗം വിളിച്ചുചേര്‍ത്തതായി കെസിഎന്‍എ വാര്‍ത്ത പുറത്തുവിട്ടത്. ‘രാജ്യത്തിന്റെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുന്ന നടപടിയുമായി മുന്നോട്ടുപോകണം. അതോടൊപ്പം തന്ത്രപ്രധാന സൈനിക സംഘങ്ങളെല്ലാം തയാറായിരിക്കണം’ കിം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top