ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; രോഗികള്‍ 90,000 കടന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗബാധിതര്‍ 90,000 കടന്നു. 24 മണിക്കൂറിനിടെ പുതിയ 2,373 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 92,175 ആയി. 24 മണിക്കൂറിനിടെ പുതിയതായി 61 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെമരണം 2,864 ആയി. ഇതുവരെ രോഗമുക്തി നേടിയത് 63,007 പേര്‍ക്കാണ്. രാജ്യതലസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയമെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ ജൂലൈ പിന്നിടുമ്പോഴേക്കും അഞ്ചുലക്ഷം കൊവിഡ് കേസുകളുണ്ടാകുമെന്ന വാദം കേന്ദ്രസര്‍ക്കാരാണ് പുറത്തുവിട്ടതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. അഞ്ചുലക്ഷം കൊവിഡ് കേസുകളെന്ന മനീഷ് സിസോദിയയുടെ പ്രസ്താവന ജനങ്ങളില്‍ ഭയം ഉണ്ടാക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവിട്ടത് കേന്ദ്രമാണെന്ന് മനീഷ് സിസോദിയ തിരിച്ചടിച്ചത്.

അതിനിടെ ഡല്‍ഹിയില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും, ചികിത്സ സൗകര്യങ്ങള്‍ കൂട്ടാനും നടപടികള്‍ എടുത്തു. ഒരാഴ്ച്ചയായി പ്രതിദിന രോഗബാധിതതരുടെ എണ്ണം 2500 ന് താഴെയായി പിടിച്ച് നിര്‍ത്താനാകുന്നുണ്ട്. എന്നാല്‍ പരിശോധന കൂട്ടുമ്പോള്‍ നിരക്കില്‍ മാറ്റം വരാം.

Top