രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ധനവ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,58,333 കടക്കുമ്പോള്‍ ഇതുവരെ രാജ്യത്ത് 4531 പേരാണ് രോഗം ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ന്യൂഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ളത്. മഹാരാഷ്ട്രയില്‍ 59,546 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇന്ന് മാത്രം 2598 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 85 മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.

ധാരാവിയില്‍ മാത്രം ഇന്ന് 36 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ധാരാവിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 61 ആയി. അതിനിടെ, മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരായ പൊലീസുകാരുടെ എണ്ണം 2000 കടന്നു. ഇന്ന് 131 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരായ പൊലീസുകാര്‍ 2095 ആയി.

തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19372 ആയി. 24 മണിക്കൂറിനിടെ 827 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം, അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ വിലക്ക് ഏര്‍പ്പെടുത്തി. ന്യൂഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് കര്‍ണാടകത്തിലേക്ക് യാത്രാവിമാനങ്ങള്‍ക്ക് അനുമതി ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Top