രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; ആശങ്കയോടെ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: മേയ് ഒന്നിനുശേഷം രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. ഒരാഴ്ചക്കിടെ 61,000 പേര്‍ക്ക് രോഗം ബാധിച്ചു. രോഗബാധിതരുടെ എണ്ണം 2.35 ലക്ഷം കടന്നു. 6,600ല്‍ അധികം മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയേയും മറികടന്നു. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 2,34,531 ആണ്. ലോകരാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ആറാംസ്ഥാനത്താണ് ഇന്ത്യ. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 9,000ത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

രാജ്യത്ത് ഒരു ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. മഹാരാഷ്ട്രയില്‍ കഴിഞ്ഞദിവസം 2,436 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 139പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 80,229 ആയി. മരണം 2,849.ഗുജറാത്തില്‍ 510 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 19,199 ആയും മരണം 1,190 ആയും ഉയര്‍ന്നു.

പശ്ചിമ ബംഗാളില്‍ 427 പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതര്‍ 7,303 ആയി ഉയര്‍ന്നു. കര്‍ണാടകയിലും കഴിഞ്ഞദിവസം 500ല്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 4,835 രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. തമിഴ്‌നാട്ടില്‍ 1,438 പേര്‍ക്ക് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 28,694 ആയി.

Top