സമ്പര്‍ക്കത്തിലൂടെ രോഗം; കൊച്ചിയിൽ സ്ഥിതി ഗുരുതരം;പത്തിടങ്ങൾ കണ്ടെയ്ൻമെന്റ് സോണില്‍

കൊച്ചി: ഉറവിടമില്ലാത്ത കോവിഡ് 19 കേസുകളും സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം.

പനമ്പിള്ളി നഗര്‍ ഉള്‍പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്‍ക്കറ്റും കണ്ടെയ്ന്‍മെന്റ് സോണായി. ഇതടക്കം ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായത്.
സ്ഥിതി ഗുരുതരമായതോടെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങി.

കൊച്ചിയില്‍ നിയന്ത്രിത മേഖലകളിലെ റോഡുകള്‍ പൊലീസ് അടച്ചു. അഞ്ച് ഡിവിഷനുകളില്‍ എക്‌സിറ്റ്, എന്‍ട്രി പോയിന്റുകള്‍ ഒന്നുമാത്രമാക്കി.

ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ 26 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ 6 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഉറവിടവും വ്യക്തമല്ല.പറവൂരിലെ സെമിനാരി വിദ്യാര്‍ത്ഥി , വെണ്ണല സ്വദേശിയായ ആക്രിക്കച്ചവടക്കാരന്‍ , പാലാരിവട്ടത്തുള്ള എല്‍ഐസി ജീവനക്കാരന്‍, തൃക്കാക്കര സ്വദേശിയായ വീട്ടമ്മ, കടവന്ത്ര സ്വദേശി നേവി ഉദ്യോഗസ്ഥ , ആലുവ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ എന്നിവരുടെ രോഗ ഉറവിടമാണ് കണ്ടെത്താനാകാത്തത്.

ഇന്നലെ രോഗം സ്ഥിരീകരിച്ച പലരും കൊച്ചി നഗരത്തിലേത് ഉള്‍പ്പടെയുള്ള ഏഴ് സ്വകാര്യ സഹകരണ ആശുപത്രികളിലേക്കു രോഗലക്ഷണങ്ങളുമായി എത്തിയെന്നതും സ്ഥിതി ഗുരുതരമാക്കുന്നു.

Top