റബ്ബര്‍ വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ധനവ്; പ്രയോജനം ലഭിക്കാതെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍

കൊച്ചി: റബ്ബര്‍ വില അന്താരാഷ്ട്ര വിപണിയില്‍ വര്‍ധിക്കുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കാതെ സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍. അന്താരാഷ്ട്ര വില വര്‍ധനയ്ക്ക് അനുപാതികമായ ഒരു വര്‍ദ്ധനവ് ഇന്ത്യയിലും മുന്‍കാലങ്ങളില്‍ ഉണ്ടാകുമായിരുന്നു. പക്ഷെ ഇന്ത്യന്‍ വിപണിയില്‍, റബ്ബര്‍ ബോര്‍ഡിന്റെ വില നിര്‍ണയ നിലപാടുകളാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്.

കേരളത്തില്‍ ഒരു കിലോ റബറിന് 160 രൂപയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 154 രൂപയാണ്. വിലക്കുറവുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പോയി ടയര്‍ കമ്പനികള്‍ വന്‍തോതില്‍ റബ്ബര്‍ വാങ്ങിക്കൂട്ടുന്നു. ഇത് കേരളത്തിലെ റബ്ബര്‍ വിപണിയില്‍ വലിയ ഇടിവും ആഘാതവുമാണ് ഉണ്ടാക്കുന്നത് . നിലവില്‍ റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വിലയേക്കാള്‍ അഞ്ചുരൂപ കുറച്ചാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ റബ്ബറിന്റെ വില ഏകീകരിക്കാന്‍ റബ്ബര്‍ ബോര്‍ഡ് തയ്യാറാകണമെന്നാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

കര്‍ഷകര്‍ക്ക് ആശ്വാസമായ റബ്ബര്‍ വിലസ്ഥിരത പദ്ധതിയും പ്രതിസന്ധിയിലാണ്. ബില്ലുകള്‍ അപ് ലോഡ് ചെയ്യാനുള്ള വെബ്‌സൈറ്റ് നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടി ഉണ്ടാകാത്തത് കര്‍ഷകര്‍ക്കിടയില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

Top