ഇന്ധനവില വര്‍ദ്ധനവ്; സംസ്ഥാനത്ത് ഇന്ന് ചക്രസ്തംഭന സമരം

diesel-vehicles

തിരുവനന്തപുരം: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചക്രസ്തംഭന സമരം നടക്കും. ചക്രസ്തംഭന സമരത്തിന്റെ ഭാഗമായി പകല്‍ 11 മുതല്‍ 11.15 വരെ നിരത്തിലുള്ള മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിട്ട് പ്രതിഷേധിക്കും.

ആ സമയത്ത് വാഹനം എവിടെ എത്തുന്നുവോ അവിടെ റോഡില്‍ 15 മിനിറ്റ് നിശ്ചലമാക്കി നിര്‍ത്തുന്നതാണ് സമരമുറ. ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സമരത്തില്‍ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യ, ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും.

ആംബുലന്‍സിന് യാത്രാസൗകര്യം സമര വളന്റിയര്‍മാര്‍ ഉറപ്പുവരുത്തും. പെട്രോള്‍, ഡീസല്‍ വിലവര്‍ധന റോഡ് ട്രാന്‍സ്‌പോര്‍ട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചു.

Top