ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത ഉല്‍പ്പന്ന കയറ്റുമതിയില്‍ വര്‍ധന

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള വാണിജ്യാധിഷ്ഠിത ഉല്‍പ്പന്ന കയറ്റുമതി ഓഗസ്റ്റില്‍ 45.17 ശതമാനം വര്‍ധിച്ച് 33.14 ബില്യണ്‍ ഡോളറിലെത്തി. വിദേശ വിപണികളില്‍ നിന്നുളള ആവശ്യകത ശക്തമായി തുടരുന്നതാണ് കയറ്റുമതി ഉയരാന്‍ കാരണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അഭിപ്രായപ്പെട്ടു.

എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ ഉയര്‍ന്ന ഡിമാന്‍ഡാണ് കയറ്റുമതി വര്‍ധനയ്ക്ക് സഹായകരമായത്. ഏപ്രില്‍ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 163.67 ബില്യണ്‍ ഡോളറായിരുന്നു, പോയ വര്‍ഷത്തെ സമാനകാലത്തെ അപേക്ഷിച്ച് 66.92 ശതമാനം വര്‍ധന. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 22.93 ശതമാനം വര്‍ധനയാണുണ്ടായത്. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യത്തിന്റെ 41 ശതമാനം ഇക്കാലയളില്‍ കൈവരിക്കാന്‍ രാജ്യത്തിനായി.

വ്യാപാര ഇറക്കുമതി ഓഗസ്റ്റില്‍ 51.5 ശതമാനം ഉയര്‍ന്ന് 47.01 ബില്യണ്‍ ഡോളറിന്റേതായി. 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 17.9 ശതമാനം വര്‍ധന. ഓഗസ്റ്റില്‍ 13.87 ബില്യണ്‍ ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ഇത് 8.2 ബില്യണ്‍ ഡോളറായിരുന്നു. വ്യാപാര കമ്മി നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

Top