increase in export india

ജൂണില്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനം മുന്‍കൊല്ലം ജൂണിലെക്കാള്‍ 1.27% വര്‍ധിച്ച് 2257 കോടി ഡോളറായി. 18 മാസത്തിനു ശേഷമാണ് കയറ്റുമതി വാര്‍ഷിക വര്‍ധന നേടുന്നത്.

ഇറക്കുമതിച്ചെലവ് 7.33% കുറഞ്ഞ് 3068 കോടി ഡോളര്‍ ആകുകയും ചെയ്തു. ഇതോടെ ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാരക്കമ്മി 811 കോടി ഡോളര്‍ ആയി താഴ്ന്നു.

2015 ജൂണില്‍ 1082 കോടി ഡോളര്‍ ആയിരുന്നു കമ്മി. സ്വര്‍ണം ഇറക്കുമതിയില്‍ 38.54% ഇടിവുണ്ട്. 120 കോടി ഡോളറിന്റെ സ്വര്‍ണമേ കഴിഞ്ഞ മാസം ശരിയായ മാര്‍ഗത്തിലൂടെ ഇറക്കുമതി ചെയ്തുള്ളൂ.

ക്രൂഡ് ഓയില്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിയില്‍ 16.4% കുറവും കല്‍ക്കരിയുടേതില്‍ 13% കുറവും രാസവളം ഇറക്കുമതിച്ചെലവില്‍ 23% കുറവുമുണ്ട്. രാസവസ്തുക്കള്‍, എന്‍ജിനീയറിങ് ഉല്‍പന്നങ്ങള്‍, പ്ലാസ്റ്റിക് എന്നിവയുടെ കയറ്റുമതി ഉയര്‍ന്നു.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ കയറ്റുമതി വരുമാനം മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 2.07% കുറഞ്ഞിട്ടുണ്ട്. ഇക്കുറി 6531 കോടി ഡോളറാണു നേടിയത്. ഇറക്കുമതി 14.5% കുറഞ്ഞ് 8454 കോടി ഡോളറായി. വ്യാപാരക്കമ്മി മുന്‍കൊല്ലം 3223 കോടി ഡോളര്‍ ആയിരുന്നത് ഇക്കുറി 1923 കോടിയായി.

Top