കേന്ദ്ര ബജറ്റിൽ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെ ഇളവു നല്‍കുമെന്നാണ് സൂചന. സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ തുക വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവര്‍ക്കാകും ഇതിന്റെ ആനുകൂല്യം ലഭിക്കുക. അതോടൊപ്പം ഭവന വായ്പയുടെ പലിശയിന്മേലുള്ള കിഴിവ് പരിധിയും കൂട്ടിയേക്കും. എന്നാല്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാന്‍ ഭൂരിഭാഗം നികുതിദായകരും താല്‍പര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരില്‍ നിന്ന് ലഭിച്ച പ്രതികരണം. സര്‍ക്കാരിന് താല്‍പര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റില്‍ നികുതി സ്ലാബില്‍ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ 2.5 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. 2.5 ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനവും അഞ്ചു ലക്ഷം രൂപ മുതല്‍ 7.5 ലക്ഷം രൂപ വരെ 10 ശതമാനവും 7.5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെ 15 ശതമാനവും 10 ലക്ഷം മുതല്‍ 12.5 ലക്ഷം രൂപ വരെ 20 ശതമാനവും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും അതിനുമുകളില്‍ 30ശതമാനവുമാണ് ആദായനികുതിയുള്ളത്. 60 വയസിന് താഴെയുള്ള വ്യക്തികള്‍ക്കുള്ള പുതിയ ഘടനപ്രകാരമുള്ള നികുതിയാണിത്.

Top