വന്‍ വര്‍ധനവ്; ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണം 5 കോടി കടന്നു

income tax

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകളുടെ സമര്‍പ്പണത്തില്‍ വന്‍ വര്‍ധനവ്. ഈ വര്‍ഷം ഇതുവരെയുള്ള കണക്കെടുത്താല്‍ റിട്ടേണ്‍ ഫയലിംഗ് 5 കോടി കടന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനം വര്‍ധനവാണിത്. വ്യക്തികള്‍ 2018 19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി ഓഗസ്റ്റ് 31 ആയിരുന്നു.

ടാക്‌സ് ഓഡിറ്റ് ഉള്ളവര്‍ക്കും ഓഡിറ്റ് ഉള്ള സ്ഥാപനത്തിലെ ശമ്പളം പറ്റുന്ന പാര്‍ട്ണര്‍മാര്‍ക്കും ഇത് സെപ്റ്റംബര്‍ 30 വരെയാണ്. ഓഗസ്റ്റ് 30 വ്യാഴാഴ്ച മാത്രം സമര്‍പ്പിക്കപ്പെട്ടത് 20 ലക്ഷത്തിലധികം റിട്ടേണുകളാണ്. റിട്ടേണ്‍ കൊടുക്കാന്‍ ബാധ്യസ്ഥരായവര്‍ വൈകി സമര്‍പ്പിച്ചാല്‍ വരുമാനമോ നികുതി ബാധ്യതയോ കണക്കിലെടുക്കാതെ പിഴ ചുമത്തും.

രാജ്യത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്താണ് 2018- 19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടിയത്. സെപ്റ്റംബര്‍ 15 വരെയാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയത്.

Top