ആദായനികുതി റിട്ടേണ്‍ മാര്‍ച്ച് 15 വരെ ഫയല്‍ ചെയ്യാം; തീയതി പുതുക്കി കേന്ദ്രം

income-tax

ന്യൂഡല്‍ഹി: ആദായനികുതി റിട്ടേണ്‍ നല്‍കുന്നതിനുള്ള തിയതി നീട്ടില്ലെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ നിലപാട് തിരുത്തി. ഡിസംബര്‍ 31 ന് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി അവസാനിച്ചിരുന്നു. തീയതി നീട്ടില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് പോയ കേന്ദ്രസര്‍ക്കാര്‍ സമയം മാര്‍ച്ച് 15 വരെ നീട്ടി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്.

ജൂലൈ 31 വരെയാണ് പതിവായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം. ഇത് ഇക്കുറി ആദ്യം സെപ്തംബര്‍ 30 ലേക്ക് നീട്ടിയിരുന്നു. സെപ്തംബര്‍ മാസത്തില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31 വരെ സമയം നീട്ടി നല്‍കി. ഇതാണ് മാര്‍ച്ച് 15 വരെ വീണ്ടും നീട്ടിയിട്ടിരിക്കുന്നത്.

ഇതുവരെ വൈകി സമര്‍പ്പിക്കുന്ന ഐടി റിട്ടേണ്‍ അപേക്ഷയ്ക്കുള്ള പിഴ 10000 രൂപയായിരുന്നു. ഇത് 5000 രൂപയാക്കി കുറച്ചിട്ടുണ്ട്. വേതനം ആദായ നികുതി പരിധിക്ക് താഴെയാണെങ്കില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലും പിഴ ഈടാക്കില്ല. എന്നാല്‍ തീയതി നീട്ടിയതോടെ ആദായ നികുതി പരിധിക്ക് മുകളിലുള്ളവര്‍ക്കും ഇനി പിഴയടക്കേണ്ടതില്ല.

അതേസമയം ഇന്‍കം ടാക്‌സ് വെബ്‌സൈറ്റില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നതായുള്ള പരാതികളും ശക്തമായിരുന്നു. പലര്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കാനായിരുന്നില്ല. ഇവരെല്ലാം സമയപരിധി നീട്ടണമെന്ന് കേന്ദ്രത്തോട് ദിവസങ്ങളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തീയതി നീട്ടേണ്ടെന്ന നിലപാടിലാണ് എത്തിയതോടെ വലിയ വിഭാഗം നിരാശയിലായിരുന്നു. പക്ഷെ കേന്ദ്രസര്‍ക്കാരിന് ജനത്തിന്റെ ആവശ്യത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്നു.

Top