തനിക്ക് ഭയപ്പെടാനൊന്നുമില്ല, എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അറിയില്ല; തപ്സി പന്നു

ന്യൂഡല്‍ഹി: തനിക്ക് ഭയപ്പെടാനൊന്നുമില്ലെന്നും എന്തുകൊണ്ടാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ നടന്നതെന്ന് അറിയില്ലെന്നും ബോളിവുഡ് നടി തപ്സി പന്നു. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ ശിക്ഷ അനുഭവിക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. താനും കുടുംബവും റെയ്ഡുമായി സഹകരിച്ചുവെന്നും തപ്സി പറഞ്ഞു.

റെയ്ഡിനിടെ തപ്‌സിയുടെ വീട്ടില്‍ നിന്ന് 5 കോടി രൂപയുടെ രസീത് കണ്ടെടുത്തിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.’ആരാണ് എനിക്ക് 5 കോടി നല്‍കുന്നത് എന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു. പാരീസില്‍ എനിക്ക് ഒരു ബംഗ്ലാവ് ഉണ്ടെന്ന് കഥകളുണ്ടായിരുന്നു. ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി. ഞാനും കുടുംബവും ഐടി വകുപ്പുമായി സഹകരിച്ചു. എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ അത് പുറത്തുവരും. എനിക്ക് ഒന്നും മറയ്ക്കാന്‍ കഴിയില്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ ശിക്ഷ അനുഭവിക്കും.

എന്തിനാണ് റെയ്ഡ് നടത്തിയതെന്ന് അറിയില്ല. റെയ്ഡുകള്‍ നടന്നപ്പോള്‍, നടപടിക്രമങ്ങള്‍ പാലിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല’ – തപ്‌സി പറഞ്ഞു. ആദായനികുതി വകുപ്പ് മാര്‍ച്ച് മൂന്നിന് തപ്സി പന്നു, സംവിധായകന്‍ അനുരാഗ് കശ്യപ്, അദ്ദേഹത്തിന്റെ പാര്‍ട്ണര്‍മാര്‍ എന്നിവരുടെ വീടുകളിലും ഓഫിസുകളിലും റെയ്ഡ് നടത്തിയിരുന്നു.

 

Top