കര്‍ണാടകയില്‍ റെയ്ഡ്; പിന്നില്‍ മോദിയുടെ പ്രതികാര രാഷ്ട്രീയമെന്ന് കുമാര സ്വാമി

ബെംഗളൂരു: കര്‍ണാടകയില്‍ വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ജലസേചന വകുപ്പ് മന്ത്രി സി.എസ്. പുട്ടരാജുവിന്റെ മാണ്ഡ്യയിലെ വസതിയിലടക്കം സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ റെയ്ഡ് നടന്നു.

പൊതുമരാമത്ത് വകുപ്പിലെ വിവിധ ഉദ്യോഗസ്ഥര്‍, കരാറുകാര്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ വസതികളിലും ഓഫീസുകളിലുമാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ആദായനികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. ബെംഗളൂരു,മാണ്ഡ്യ, മൈസൂരു, ഹാസന്‍ എന്നിവിടങ്ങളില്‍ ഒരേ സമയമായിരുന്നു റെയ്ഡ്.വ്യാഴാഴ്ച രാവിലെ മുതലാണ് മന്ത്രി പുട്ടരാജുവിന്റെ വസതിയിലടക്കം ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ സഹോദരനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുമായി അടുത്തബന്ധമുള്ളവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. എന്നാല്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡിനെ ഭയക്കുന്നില്ലെന്ന് മന്ത്രി പുട്ടരാജു പ്രതികരിച്ചു. കര്‍ണാടകയിലെ ഏതെങ്കിലും ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ആദായനികുതി വകുപ്പിന്റെ റെയ്ഡ് പ്രധാനമന്ത്രിയുടെ പ്രതികാര രാഷ്ട്രീയമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണെന്നും ആദായനികുതി ഓഫീസര്‍ ബാലകൃഷ്ണ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top