ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് കമ്പനികളില്‍ ഇൻകംടാക്സ് റെയ്ഡ്

ന്യൂഡല്‍ഹി: രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന മുന്‍നിര ചൈനീസ് മൊബൈല്‍ കമ്പനികളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഓപ്പോ, ഷാവോമി, വണ്‍ പ്ലസ് ഉള്‍പ്പെടെയുള്ള കമ്പനികളിലാണ് തിരച്ചില്‍ നടത്തിയത്.

ചൊവ്വാഴ്ച മുതല്‍ രണ്ട് ഡസനിലേറെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. ഡല്‍ഹി, മുംബൈ, ബെംഗളുരു, ഗ്രേറ്റര്‍ നോയിഡ, കൊല്‍ക്കത്ത, ഗുവാഹത്തി, ഇന്‍ഡോര്‍ ഉള്‍പ്പടെയുള്ള ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. നികുതി വെട്ടിപ്പിന് തെളിവാകുന്ന ചില ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ചില ഫിനാൻഷ്യല്‍ ടെക്‌നോളജി സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരേയും പരിശോധിക്കുന്നുണ്ട്. ഇവരും അന്വേഷണ വിധേയരാവും.

ചൈനീസ് മൊബൈല്‍ കമ്പനികളില്‍ വലിയ രീതിയില്‍ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിവരം ലഭിച്ചതുമുതല്‍ ഏറെനാളുകളായി കമ്പനികള്‍ ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.

ഓഗസ്റ്റില്‍ ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ടെലികോം സ്ഥാപനം സെഡ് ടിഇയിലും ആദായനികുതി വകുപ്പ് തിരച്ചില്‍ നടത്തിയിരുന്നു. സെഡ് ടിഇയുടെ കോര്‍പ്പറേറ്റ് ഓഫീസ് ഉള്‍പ്പെടെയുള്ള അഞ്ച് കെട്ടിടങ്ങളിലാണ് പരിശോധന നടന്നത്.

അതേസമയം, അന്വേഷണത്തോട് സഹകരിക്കുകയാണെന്ന് ഓപ്പോ വാർത്താ ഏജന്‍സിയോട് പ്രതികരിച്ചു. രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നുവെന്നും നടപടിക്രമങ്ങള്‍ക്കനുസരിച്ച് അധികൃതരോട് സഹകരിക്കുമെന്നും ഓപ്പോ പറഞ്ഞു.

Top